Connect with us

Kerala

സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ നയം അട്ടിമറിക്കാനുള്ള ശ്രമമുണ്ടാകരുത്: സുധീരന്‍

Published

|

Last Updated

കോഴിക്കോട്: ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാറിന്റെ അധികാര പരിധിക്കുള്ളില്‍ നിന്ന് നയം രൂപവത്കരിക്കുമ്പോള്‍ അതിനെ സാങ്കേതികത്വം പറഞ്ഞ് അട്ടിമറിക്കുന്ന രീതി ഉണ്ടാകരുതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഏത് ഭരണഘടനാ സ്ഥാപനമായാലും അതുണ്ടാകരുതെന്ന് കോടതിയുടെ പേര് പറയാതെ സുധീരന്‍ പറഞ്ഞു. ജനപക്ഷ യാത്രയോടനുബന്ധിച്ച് ഡി സി സി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാറിന്റെ നയം അട്ടിമറിക്കാനുള്ള ശ്രമം ഭരണഘടനാപരമായ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകരുത്. നാടിന്റെ നന്മക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ സര്‍ക്കാറുമായി യോജിച്ച് പ്രവര്‍ത്തിക്കണം. സാങ്കേതികത്വത്തിനല്ല പ്രധാന്യം നല്‍കേണ്ടത്. കോടതി ഇടപെടല്‍ മൂലം ചില ബാറുകള്‍ തുറന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സുധീരന്റെ വിമര്‍ശം.
ബാര്‍ കേസില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത് അന്തിമ വിധിയല്ല. അന്തിമവിധി വരുമ്പോള്‍ യു ഡി എഫ് നയം വിജയിക്കും. ഇത്രയും കാലം ജനങ്ങളെ കുടിപ്പിച്ച് കൊള്ളയടിച്ച് ലാഭം ഉണ്ടാക്കിയവര്‍ക്ക് നഷ്ടം ഉണ്ടാകുമ്പോള്‍ സര്‍ക്കാറിനെതിരെ തിരിയുക സ്വാഭാവികമാണ്. അങ്ങനെ നഷ്ടം സംഭവിച്ച ചില മുതലാളിമാര്‍ കോഴ ആരോപണം അടക്കം സര്‍വ അടവുകളും പയറ്റി മുന്നോട്ടുവരികയാണ്. അവരുടെ കൈയില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കണം. അല്ലാതെ ഒന്ന് പറയുക, പിന്നെ അത് മാറ്റിപ്പറയുക എന്ന നിലപാട് അംഗീകരിക്കാനാകില്ല.
ബാര്‍ വിവാദത്തില്‍ ആരോപണം കേള്‍ക്കുന്നതിനു മുമ്പ് ഇറങ്ങിപ്പുറപ്പെട്ടത് സി പി എമ്മിനെ പോലെ ഉത്തരവാദപ്പെട്ട പ്രസ്ഥാനത്തിന് ഭൂഷണമല്ല. ബാര്‍ വിവാദത്തിന്റെ ബാക്കിപത്രം സി പി എമ്മിലെയും എല്‍ ഡി എഫിലെയും ആഭ്യന്തര പ്രശ്‌നമായിരിക്കയാണെന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എം കെ രാഘവന്‍ എം പി, എം എം ഹസന്‍, വി ഡി സതീശന്‍, തമ്പാനൂര്‍ രവി, ഡോ.ശൂരനാട് രാജശേഖരന്‍, കെ സി അബു സംബന്ധിച്ചു.