ചുംബന സമരവും മൗദൂദികളും

Posted on: November 11, 2014 5:38 am | Last updated: November 10, 2014 at 7:42 pm

kiss of love2കോഴിക്കോട് ബീച്ചിനടുത്തുള്ള പി ടി ഉഷ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡൗണ്‍ ടൗണ്‍ കോഫീ ഷോപ്പ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അടുത്തിടപഴകാനുള്ള അവസരം ഒരുക്കുന്നുവെന്നും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമയവും സന്ദര്‍ഭവും അനുവദിക്കുന്നു എന്നും ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തല്ലിപ്പൊളിച്ചതിനെ തുടര്‍ന്നുള്ള കോലാഹലങ്ങള്‍ ഇനിയും തുടരുകയാണ്. ഡൗണ്‍ ടൗണില്‍ ഇത്തരം വേണ്ടാതീനങ്ങള്‍ നടക്കുന്നുണ്ട് എന്ന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഹിന്ദ് ടി വി വാര്‍ത്ത പ്രക്ഷേപണം ചെയ്ത ഉടനെയായിരുന്നു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കട തച്ചുതകര്‍ത്തതും ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ വരുത്തിയതും. പക്ഷേ, തങ്ങളുടെ കടയില്‍ ‘പുരോഗമന സമൂഹം’ ഹിതകരമെന്നു കരുതുന്ന യാതൊരുവിധ വേണ്ടാതീനങ്ങളും നടക്കുന്നില്ലെന്നും കടയില്‍ എത്തുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സി സി ടി വി ക്യാമറ വരെ സ്ഥാപിച്ചിട്ടുണ്ട് എന്നും പറഞ്ഞു കൊണ്ടാണ് കോഫീ ഷോപ്പുകാര്‍ ആരോപണത്തെ പ്രതിരോധിച്ചത്. പ്രകാശ് ബാബുവും ജയ് ഹിന്ദ് ടി വിയും ഉന്നയിച്ച ആരോപണങ്ങള്‍ നടക്കാത്ത, നടക്കാന്‍ അനുവദിക്കാത്ത സ്ഥാപനമാണ് ഡൗണ്‍ ടൗണ്‍ എന്നാണ് നടത്തിപ്പുകാര്‍ അവകാശപ്പെടുന്നത്. അതായത് സദാചാരത്തെ കുറിച്ച് ഇക്കൂട്ടരുടെ അതേ അഭിപ്രായം തന്നെയാണ് ഡൗണ്‍ ടൗണ്‍കാര്‍ക്കും ഉള്ളതെന്നു സാരം. പക്ഷേ, അത്തരം കാര്യങ്ങളൊക്കെ തുറന്നു പറയുന്നതിന് പകരം ഡൗണ്‍ ടൗണ്‍ കാര്‍ നല്ല കച്ചവടക്കാര്‍ മാത്രമായി. അനുഭാവം പ്രകടിപ്പിക്കാന്‍ വന്ന എല്ലാ സദാചാര പോലീസ് വിരുദ്ധര്‍ക്കും ചായ വിളമ്പി പൈസ വാങ്ങി പെട്ടിയിലിട്ട് പൂട്ടി.
ജയ് ഹിന്ദിലെ ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിച്ചതാണെന്നും ആരോപണം ഉണ്ടായി. കോഫീ ഷോപ്പ് അക്രമവുമായി ബി ജെ പിക്ക് ബന്ധമില്ലെന്നും സുരേഷ് ബാബു സ്വന്തം താത്പര്യപ്രകാരം മാത്രം ചെയ്ത പ്രവര്‍ത്തിയാണതെന്നും കെ സുരേന്ദ്രനും, ജയ് ഹിന്ദ് വാര്‍ത്ത ആസൂത്രിതമായി മെനഞ്ഞുണ്ടാക്കിയതാണെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ സി അബുവും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തു. ബഹളങ്ങള്‍ക്കിടയില്‍ ഈ പ്രസ്താവനകളും അവയുടെ പ്രാധാന്യവും ആരും മനസ്സിലാക്കുകയോ ഏറ്റെടുക്കുകയോ ചെയ്തുമില്ല. ഒടുവില്‍ കട അടിച്ചു പൊളിച്ചതും നാശനഷ്ടങ്ങള്‍ വരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യാപാരി വ്യവസായി ഏകോപന സമിതിക്കും സദാചാരവും അനാശാസ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മറ്റു പൗര സംഘടനകള്‍ക്കും മലയാളികള്‍ വീതിച്ചു നല്‍കി. നഷ്ടപരിഹാരവും കേസും മറ്റും അതിന്റെ വഴിക്ക് നീങ്ങുമ്പോള്‍, സദാചാര പോലീസ് വിരുദ്ധ സമരം കൊച്ചിയിലെ മറൈന്‍ െൈഡ്രവില്‍ നിന്നും വാളയാര്‍ ചുരവും കടന്ന് കൊല്‍ക്കത്തയിലും ഹൈദരാബാദിലും ഡല്‍ഹിയിലും വരെ ചെന്നെത്തി.
ഡൗണ്‍ ടൗണിനെതിരെ നടന്ന അതിക്രമത്തെ സദാചാര പ്രശ്‌നമായി മാത്രം അവതരിപ്പിക്കുന്നതിലെ ധൃതിയും ബി ജെ പി നേതാവ് കെ സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവ് കെ സി അബുവും ഉന്നയിച്ച സംശയങ്ങള്‍(എന്തായിരുന്നു സുരേഷ് ബാബുവിന്റെ വ്യക്തി താത്പര്യം? യുവമോര്‍ച്ചയുമായി ജയ് ഹിന്ദ് ടി വി ഉണ്ടാക്കിയ ആസൂത്രണം എന്തായിരുന്നു?) ഇഴ കീറി പരിശോധിക്കുന്നതിലെ താത്പര്യമില്ലായ്മയും സംഭവങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ചില മാനങ്ങള്‍ നല്‍കി. സദാചാര പോലീസിംഗിനെ അനുകൂലിക്കുന്നവരെന്നും എതിര്‍ക്കുന്നവരെന്നും ആളുകള്‍ രണ്ടായി വിഭജിക്കപ്പെട്ടു. പരസ്യമായി ചുംബിക്കാമോ, കെട്ടിപ്പിടിക്കാമോ എന്നൊക്കെയായി ചോദ്യങ്ങള്‍. ഡൗണ്‍ ടൗണിനു നേരെ നടന്ന അതിക്രമങ്ങള്‍, വിജയിച്ച മുസ്‌ലിം വ്യാവസായിക വാണിജ്യ സംരംഭകര്‍ക്കെതിരെ സംഘ്പരിവാരത്തിന്റെ പിന്തുണയോടെ പലയിടങ്ങളിലും നടന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണ്, അങ്ങനെയാണ്; അങ്ങനെ മാത്രമാണ് അതിനെ കാണേണ്ടത് എന്നായി ചിലര്‍. കേരളത്തില്‍ ബി ജെ പിക്ക് വേരുറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്ന് മറ്റു ചിലര്‍. ഡൗണ്‍ ടൗണ്‍ അക്രമം സദാചാര പോലീസിംഗിന്റെ മൂര്‍ത്തരൂപമാണെന്നു വേറൊരു കൂട്ടര്‍. യഥാര്‍ഥത്തില്‍ ഈ മൂന്ന് ആരോപണങ്ങളുടെയും ആകെത്തുകയായി അതിക്രമത്തെ കാണുന്നതിലും മനസ്സിലാക്കുന്നതിലും അതനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലും ഡൗണ്‍ ടൗണാനന്തര മലയാളി പൊതു സമൂഹം പരാജയപ്പെട്ടു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. മറ്റു ചില മടിയന്മാരായ സിദ്ധാന്ത വിദഗ്ധന്മാരാകട്ടെ, ചുംബന സമരത്തെ ഇസ്‌ലാമോഫോബിയയുടെ കണക്കിലാണ് എണ്ണിയത്.
അങ്ങനെ, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡൗണ്‍ ടൗണ്‍ നടത്തിപ്പുകാര്‍ക്കും ടി നസറുദ്ദീനും വിട്ടുകൊടുത്ത് മലയാളി പൊതു സമൂഹം കൊച്ചി മറൈന്‍ െൈഡ്രവിലേക്ക് വണ്ടി കയറി. യുവമോര്‍ച്ചയുടെ സദാചാര പോലീസിംഗിനെതിരെ അവര്‍ ചുംബന സമരം സംഘടിപ്പിച്ചു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റത്തിനെതിരെയും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റതിനെതിരെയും സംസ്‌കാരത്തെ കുറിച്ചുള്ള ഏക ശിലാത്മകമായ മനസ്സിലാക്കലുകള്‍ക്കെതിരെയുമാണ് തങ്ങളുടെ സമരമെന്ന് അവര്‍ വിശദീകരിച്ചു. അങ്ങനെ കേരളം രണ്ടായി പിളര്‍ന്നു. ചുംബന സമരം നടത്തുന്നവരും അതിനെ എതിര്‍ക്കുന്നവരും. ഒരു ഭാഗത്ത് ചുംബന സമരക്കാര്‍ അതിനെ എതിര്‍ക്കുന്നവരെ മുഴുവനും പിന്തിരിപ്പന്മാര്‍ എന്ന് മുദ്രകുത്തുമ്പോള്‍, മറു ഭാഗത്ത് ചുംബന സമരക്കാര്‍ പറയുന്ന വിശദാംശങ്ങള്‍ കേള്‍ക്കുന്നതിന് പകരം അതിനെ വെറുമൊരു കെട്ടിപ്പിടിച്ച് ഉമ്മ വെക്കല്‍ സമരമായി മാത്രം കാണാന്‍ എതിര്‍ക്കുന്നവരും ധൃതി കൂട്ടി. ഡൗണ്‍ ടൗണ്‍ അക്രമത്തെ സദാചാര പ്രശ്‌നമായി മാത്രം കാണാന്‍ ചിലര്‍ മിനക്കെട്ടതുപോലെ, ചുംബന സമരം എന്ന പേരില്‍ പിടിച്ചുതൂങ്ങി അതിനെ ഒരു സദാചാര പ്രശ്‌നമാക്കി മാത്രം അവതരിപ്പിക്കാന്‍ എതിരാളികളും മെനക്കെട്ടു.
അങ്ങനെ, മറൈന്‍ െൈഡ്രവ് പല മാതിരി പ്രകടനങ്ങള്‍ക്ക് വേദിയായി. മനുഷ്യാവകാശ പ്രവര്‍ത്തകരായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നാല്‍ക്കാലികളെയും കൂട്ടിയാണ് സമരത്തിനെത്തിയത്. ഇരു കാലികള്‍ക്കെതിരെ നാല്‍ക്കാലികളുടെ പ്രതിഷേധം എന്നായിരുന്നു അവരുടെ തലക്കെട്ട്. സമരത്തില്‍ അവരുടെ പങ്കാളികളോ? കായികമായും മാനസികമായും ആശയപരമായും പ്രതിരോധിച്ചാല്‍ അപരാധമാകില്ല എന്ന് അണികളെ ബോധ്യപ്പെടുത്തിയ യുവമോര്‍ച്ചക്കാര്‍! മൗദൂദികള്‍ മറൈന്‍ ഡ്രൈവില്‍ എത്തിയില്ലെങ്കിലും ചാനല്‍ സ്റ്റുഡിയോകളില്‍ കയറി ന്യായം പറഞ്ഞും ലേഖനങ്ങളെഴുതിയും യുവമോര്‍ച്ചക്കാരുടെ കേസ് ഭംഗിയായി അവതരിപ്പിച്ചു. പ്രമുഖ എഴുത്തുകാരന്‍ കെ എം ഷരീഫ് എഴുതിയത് പോലെ, ചുംബന സമരവും അതിനെതിരെയുള്ള പ്രതിഷേധങ്ങളും അരങ്ങേറിയപ്പോള്‍ മൗദൂദികള്‍ സന്തോഷിച്ചു. മറ്റു എന്ത് കാര്യത്തില്‍ എതിര്‍ത്താലും ആര്‍ എസ് എസ് കുടുംബങ്ങളിലെ സ്ത്രീകളുടെ അടക്കവും ഒതുക്കവും നമ്മള്‍ അംഗീകരിക്കണം എന്ന് കുറച്ചു മുന്‍പ് ഒരു ഇസ്‌ലാമിസ്റ്റ് സുഹൃത്ത് പറഞ്ഞ കാര്യവും കെ എം ഷരീഫ് ഓര്‍മിപ്പിച്ചു.
സത്യത്തില്‍, മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഈ സമരത്തിന്റെ ആകെത്തുക, അവരിലെ പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്നവരുടെ യഥാര്‍ഥ പ്രതിസന്ധി എന്താണെന്ന് മനസ്സിലാക്കാനായി എന്നതാണ്. ‘സദാചാരത്തിന്റെ കാര്യത്തില്‍ സംഘ്പരിവാര്‍ അനുഭവിക്കുന്ന ഒരു പ്രതിസന്ധിയുണ്ട്. ചുംബന വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലുടനീളം അവര്‍ ഈ പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇവര്‍ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന ഭാരതീയ സംസ്‌കാരം വളരെ അയഞ്ഞ സദാചാര ഘടനയുള്ള ഒന്നാണ്. പക്ഷേ, ഒരു സെമിറ്റിക് മത സദാചാരഘടന അങ്ങേയറ്റം ഹിംസാത്മകമായി ഉയര്‍ത്തിപ്പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍, ആര്യ സമാജത്തെപ്പോലെ ഹിന്ദു സംസ്‌കാരത്തെ സെമിറ്റിക് ഘടനയില്‍ പുനര്‍നിര്‍മിക്കാന്‍ ഇവര്‍ സന്നദ്ധവുമല്ല. ആര്യ സമാജം വേദങ്ങളല്ലാത്ത പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഒക്കെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഹിന്ദു ധര്‍മത്തെ നിര്‍വചിക്കുന്നത്. പ്രമാണങ്ങളിലേക്ക് മടങ്ങുക എന്നതാണ് ആര്യസമാജത്തിന്റെ മുദ്രാവാക്യം. എന്നാല്‍, എല്ലാ ഹൈന്ദവ ജനകീയ സംസ്‌കാരങ്ങളെയും ഏറ്റെടുത്തുകൊണ്ടാണ് സംഘ്പരിവാര്‍ അതിന്റെ രാഷ്ട്രീയ മുന്നേറ്റം സാധ്യമാക്കുന്നത്. ഖജുരാഹോ ക്ഷേത്രത്തിലെ രതിചിത്രങ്ങളെ വേദ പിന്‍ബലമില്ലാത്തതെന്ന് പറഞ്ഞ് സംഘ്പരിവാറിന് തള്ളിപ്പറയാനാകില്ല. എന്നാല്‍, അവര്‍ ചുംബന സമരത്തിനെതിരാണുതാനും’. എന്നാണു ഒരു മൗദൂദി നേതാവ് ചുംബന സമരവുമായി ബന്ധപ്പെട്ടെഴുതിയ ലേഖനത്തില്‍ ഇതേ കുറിച്ചുള്ള സംഘ്പരിവാറിന്റെ പ്രതിസന്ധി വിവരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇതിനു സമാനമായ പ്രതിസന്ധിയാണ് മൗദൂദികള്‍ ഉള്‍പ്പടെയുള്ള ‘മുസ്‌ലിം പുരോഗമനവാദികളും’ അനുഭവിക്കുന്നത്. മേലെയുള്ള ഉദ്ധരണിയില്‍ സംഘപരിവാറിനു പകരം മൗദൂദികള്‍ എന്ന് ചേര്‍ത്തു വെച്ചാലും വലിയ കുഴപ്പം ഒന്നും ഉണ്ടാകില്ല എന്ന് ചുരുക്കം. മുസ്‌ലിംകള്‍ക്കകത്തെ ‘യഥാസ്ഥിതികരെ’ കാട്ടി പൊതു സമൂഹത്തോട് തങ്ങള്‍ എത്ര മാത്രം പുരോഗമനവാദികളാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നവര്‍. ഒടുക്കം കാര്യങ്ങള്‍ തിരിഞ്ഞു കൊത്തിയപ്പോള്‍ ന്യായീകരണം കണ്ടെത്താന്‍ തങ്ങള്‍ ഇതുവരെയും ബ്രഹ്മണിക് എന്ന് പറഞ്ഞു പോന്ന ഭാരതീയ സംസ്‌കാരത്തിലും ഗുജറാത്തിലെ മുസ്‌ലിംകളെ കൂട്ടകൊല ചെയ്യാന്‍ അവസരമൊരുക്കിയ ആള്‍ എന്ന കാരണത്താല്‍ മുസ്‌ലിംകളോ അവരുടെ നേതാക്കളോ ഇനി മേല്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യരുതെന്ന് ഇതുവരെയും വിളിച്ചു പറഞ്ഞ നരേന്ദ്ര മോദിയിലും വരെ മൗദൂദികള്‍ അഭയം കണ്ടെത്തുന്ന രസകരമായ കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.
മുസ്‌ലിം പെണ്‍കുട്ടികളുടെ (ആണ്‍ കുട്ടികളുടെതല്ല, പുരുഷന്മാര്‍ തല മറച്ചാല്‍ അത് യാഥാസ്ഥിതികതയുടെ അടയാളമാണ്!) തല മറക്കാന്‍ തങ്ങള്‍ ഇതുവരെ പറഞ്ഞുപോന്ന അതേ വ്യക്തിസ്വാതന്ത്ര്യവാദവും, വിശ്വാസത്തെ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ പറഞ്ഞുവന്ന സംസ്‌കാരത്തെ കുറിച്ചുള്ള ബഹുസ്വരതാ വാദവും പറഞ്ഞുകൊണ്ടാണ് ചെറുപ്പക്കാര്‍ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയിരിക്കുന്നത്. ഇങ്ങനെയും ഉണ്ടോ ഒരു പെട്ടുപോകല്‍!.
വായനക്കാര്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മൗദൂദികളുടെ മുഖപത്രത്തില്‍ ഒരു വാര്‍ത്ത വന്നു. പല സാഹചര്യങ്ങളിലും സ്ത്രീപുരുഷ സമത്വം പ്രകൃതി നിയമങ്ങള്‍ക്കെതിരാണ് എന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടപ്പോള്‍, കാന്തപുരത്തിനും ആര്‍ എസ് എസ്സിനും ഒരേ അഭിപ്രായം എന്ന തലക്കെട്ടില്‍ വി എസ് അച്യുതാന്ദന്റെ ഒരു പ്രസ്താവനയായിരുന്നു അത്. മലയാള പത്രങ്ങളില്‍ മൗദൂദി മുഖപത്രം മാത്രമാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അന്ന് കാന്തപുരത്തെ ആര്‍ എസ് എസ് നേതാവിനോട് ഉപമിക്കാന്‍ കിട്ടിയ ഒരവസരം മൗദൂദികള്‍ ആഘോഷിച്ചു. അതും അച്യുതാനന്ദനെ പോലുള്ള, രാഷ്ട്രീയത്തില്‍ പലപ്പോഴും മുസ്‌ലിംവിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ച ഒരാളുടെ പ്രസ്താവനാ രൂപത്തില്‍. പക്ഷേ, അന്ന് ആ വാര്‍ത്ത അങ്ങനെ ആഘോഷിച്ച മൗദൂദികള്‍, സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റു പല വിഷയങ്ങളിലും തങ്ങള്‍ക്കും യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവിന്റെ നിലപാട് തന്നെയാണ് ഉള്ളതെന്ന് സ്വയം മനസ്സിലാക്കുകയും തങ്ങള്‍ പല കാര്യങ്ങളിലും ഇതുവരെ പ്രകടിപ്പിച്ചു പോന്ന നിലപാടുകളെ സ്വയം റദ്ദാക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.
ആര്‍ എസ് എസ് ഇന്ത്യയില്‍ അതിന്റെ രാഷ്ട്രീയം കെട്ടിപ്പടുത്തിരിക്കുന്നത് തന്നെ ഭാരതീയ സംസ്‌കാരം എന്ന ഉമ്മാക്കി കാട്ടിയാണ്. ഇതേ ഉമ്മാക്കി തന്നെയാണ് ഇപ്പോള്‍ സ്വയം പ്രതിരോധിക്കാന്‍ മൗദൂദികളും ഉപയോഗിക്കുന്നത് എന്നത് യാദൃച്ഛികമാകാന്‍ ഇടയില്ല. സാക്ഷാല്‍ നരേന്ദ്ര മോഡി അമേരിക്കയില്‍ പോയപ്പോള്‍ മിഷേല്‍ ഒബാമ കൈ നീട്ടിയെന്നും അത് സ്വീകരിക്കുന്നതിനു പകരം, മോദി കൈ കൂപ്പി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും അതാണ് ഭാരതീയ സംസ്‌കാരം എന്നും എഴുതിയത് ‘കേസരി’യല്ല. വെള്ളിമാടുകുന്നിലെ വെള്ളി നക്ഷത്രം തന്നെയാണ്. കുറച്ചു മുമ്പ് സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന് യേശുദാസ് പറഞ്ഞപ്പോള്‍ ജീന്‍സ് ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ല എന്നും പറഞ്ഞുകൊണ്ടുള്ള എഴുത്തുകുത്തുകളും കണ്ടത് ഇതേ പത്രത്തിലാണ്. ഖജുരാഹോ ക്ഷേത്രത്തിലെ രതിചിത്രങ്ങളെ മുന്‍ നിര്‍ത്തി ചുംബന സമരത്തോടുള്ള സംഘ്പരിവാരത്തിന്റെ വിയോജിപ്പുകളെ മൗദൂദികള്‍ക്ക് പ്രതിരോധിക്കേണ്ടി വരുന്നതും ഒട്ടും യാദൃച്ഛികമല്ല. ഭാരതീയ സംസ്‌കാരം മൗദൂദികളെ അത്ര മേല്‍ ലഹരിപിടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഒരേ യാത്രക്കിടയില്‍ എവിടെ വെച്ചോ വഴിപിരിഞ്ഞു പോയവര്‍ക്ക് ഒരുമിച്ചു യാത്ര തുടരാന്‍ ഡൗണ്‍ ടൗണ്‍ ഒരു കാരണമായി എന്ന് സാരം.
ഈ പ്രതിസന്ധിക്കിടയിലാണ് മൗദൂദികള്‍ക്ക് മൂല്യത്തെ കുറിച്ചു ഒര്‍മവന്നത്. ‘ഏതൊരു സമൂഹത്തിനും നിലനില്‍ക്കാന്‍ മൂല്യങ്ങള്‍ ആവശ്യമാണ്. ഈ മൂല്യങ്ങളില്‍ പരിഷ്‌കരണം സാധ്യമല്ല എന്നല്ല, ഏത് പരിഷ്‌കരണത്തിനു ശേഷവും ഒരു സമൂഹത്തിനു മുന്നോട്ടു പോകാന്‍ ചില മൂല്യങ്ങള്‍ ആവശ്യമാണ്. മൂല്യങ്ങളേ ആവശ്യമില്ല എന്ന സമീപനം സര്‍വനാശത്തിലാണ് കലാശിക്കുക… ഒരു സമൂഹത്തിന്റെ സദാചാരബോധത്തിനു നേരെയുള്ള ആക്രമണമാണ് പരസ്യചുംബന സമരം’. എന്നൊക്കെയാണ് 11 വയസ്സ് തികഞ്ഞ പ്രസ്ഥാനത്തിന്റെ നേതാവ് എഴുതിയിരിക്കുന്നത്. എന്താണാവോ കവി ഉദ്ദേശിച്ച മൂല്യങ്ങളിലെ പരിഷ്‌കരണം? തങ്ങളുടെ വേദികളില്‍ നിരന്തരം എത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുഖം ചുളിയാതിരിക്കാനുള്ള ഒരു സൂത്രവിദ്യ എന്നല്ലാതെ ഈ മൂല്യ പരിഷ്‌കരണത്തിന് എന്തെങ്കിലും അര്‍ഥമുണ്ടോ? ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ടപ്പോള്‍ മൗദൂദികളുടെ ദേശീയ നേതാക്കള്‍ പറഞ്ഞത്, സ്ത്രീ പുരുഷ സമ്മിശ്ര വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനു കാരണമാകുന്നുണ്ടെന്നും അത് നിരുത്സാഹപ്പെടുത്തണമെന്നുമാണ്. അന്ന് മറിച്ചു നിലപാടെടുത്തു നേതൃത്വത്തെ ഞെട്ടിച്ചവര്‍ തന്നെയാണ് ഇന്നിപ്പോള്‍ മൂല്യങ്ങളില്‍ ശരണം പ്രാപിച്ചിരിക്കുന്നത്. ഇനിയിപ്പോള്‍ ഞെട്ടിച്ചതിനുള്ള നേതൃത്വത്തിന്റെ മൂക്ക് കയറിടലാണോ ഈ ശരണം പ്രാപിക്കല്‍?
രാജ്യസ്‌നേഹവും ഭരണഘടനയും സദാചാരത്തെ കുറിച്ചുള്ള ഇന്ത്യന്‍ പീനല്‍ കോഡുമെല്ലാം മൗദൂദികള്‍ക്ക് പ്രിയപ്പെട്ടതായി മാറി എന്നത് കൂടിയാണ് ചുംബന സമരങ്ങളുടെ മെച്ചം. ‘നിലനില്‍ക്കുന്ന നിയമത്തോട് താത്വികമായി എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പ്രായോഗികമായി നിയമം എന്ന ബിന്ദുവില്‍ എല്ലാവരും യോജിച്ചില്ലെങ്കില്‍ ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് മുന്നോട്ടു പോകാനാകില്ല’ എന്നൊക്കെയായി ഇപ്പോള്‍ മൗദൂദികളുടെ നിലപാട്. നല്ലത്. ഭാരതീയ സംസ്‌കാരത്തെ സര്‍വോപരി മുന്നോട്ടു കൊണ്ടുപോകാന്‍ രാജ്യത്തെ ഒരുമിച്ചു മുന്നോട്ടു കൊണ്ട് പോകേണ്ടതുണ്ടെന്നത് ശരിയാണ്. അങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ അവതരിച്ചിരിക്കുന്ന മോദിയില്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഉദാത്ത മാതൃക കാണുന്നതിലും ഇല്ല തെറ്റ്. ഭാരതീയ സംസ്‌കാരത്തെ ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ മൗദൂദികള്‍ക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? ‘പുത്തന്‍ പെണ്ണ് പുരപ്പുറം തൂവും’ എന്ന് പറഞ്ഞത് പോലെ, പൊടുന്നനെ രാജ്യസ്‌നേഹവും നിയമ ബോധവും ആര്‍ഷ ഭാരതീയ സംസ്‌കാരത്തിന്റെ പ്രാധാന്യവും മനസ്സിലാക്കിയത് കൊണ്ടുള്ള ആവേശമാണ്. സാവധാനത്തില്‍ തണുത്തുകൊള്ളും എന്ന് പ്രതീക്ഷിക്കാം.
ഈ ചുംബന പ്രതിസന്ധിയില്‍, മൂല്യബോധവും ഇന്ത്യന്‍ പീനല്‍ കോഡും ബഹുസ്വരതയും എല്ലാവരും ഒരേ സമരരീതി പിന്തുടരണം എന്ന് ശാഠ്യം പിടിക്കുന്നത് ഫാസിസത്തിന്റെ തുടര്‍ച്ചയാണ് എന്നുമൊക്കെ പറഞ്ഞു മൗദൂദികള്‍ക്ക് വേണമെങ്കില്‍ പിടിച്ചുനില്‍ക്കാം. കൂടി വന്നാല്‍ കെ കെ ഷാഹിന അടുത്ത സോഷ്യല്‍ ഓഡിറ്റിംഗിന് നാല് തെറി കൂടി പറയും എന്നേ ഉള്ളൂ. പക്ഷേ, മുസ്‌ലിം സ്ത്രീയെ യാഥാസ്ഥിതികയുടെ കെട്ടുപാടില്‍ നിന്ന് രക്ഷപ്പെടുത്തി പൊതു രംഗത്തേക്ക് കൊണ്ടുവന്നതിന്റെ പേരില്‍ പൊതു സമൂഹത്തിന്റെ കയ്യടി വാങ്ങിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന് പക്ഷേ, മുസ്‌ലിം സമുദായത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഈ ന്യായങ്ങളൊന്നും മതിയാകില്ല. മുസ്‌ലിം സ്ത്രീകളുടെ പൊതുരംഗ പ്രവേശത്തെ കുറിച്ചു പറയാനും അവര്‍ അന്യ പുരുഷന്മാരുമായി അടുത്തിടപഴകാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനും യാഥാസ്ഥിതികര്‍ ഉപയോഗിച്ചതും ഇതേ മൂല്യ വാദങ്ങള്‍ ആയിരുന്നു. അപ്പോഴൊക്കെയും യാഥാസ്ഥിതികരുടെ, അവരുടെ പണ്ഡിതന്മാരുടെ, അവരുടെ സംഘടനകളുടെ അഭിപ്രായങ്ങളെ മതത്തിനകത്തെ ബഹുസ്വരതയുടെ പേരില്‍ പോലും അംഗീകരിക്കാന്‍ കൂട്ടാക്കാതെ അവരെ പൊതു സമൂഹത്തിനു മുന്നില്‍ താറടിച്ചു കാട്ടി കയ്യടി വാങ്ങാന്‍ ക്യൂ നിന്നവരാണ് മൗദൂദികള്‍. അന്നവര്‍, കോഴിക്കോട് നഗരത്തില്‍ പണ്ഡിതന്മാരുടെ കോലം കത്തിച്ചപ്പോള്‍ ആഘോഷിച്ചു ചിരിച്ചു. ഇന്ന്, ഇത് വരെ താലോലിച്ചു പോന്ന പൊതു സമൂഹത്തിനു മുന്നില്‍ സ്വയം റദ്ദാകുമ്പോള്‍, മൗദൂദികളേ, യാഥാസ്ഥിതികര്‍ ചിരിക്കുന്നത് നിങ്ങള്‍ ഇളിഭ്യരായി എന്നത് കൊണ്ടാവില്ല. ചില കേസുകളിലെങ്കിലും അവര്‍ക്ക് ഒരു പങ്കാളിയെ കൂടി കിട്ടി എന്നത് കൊണ്ടാകണം. ബഹുസ്വരതക്ക് ഇങ്ങനെ ഒരു പരിണാമം ഉണ്ടാകുമെന്ന് സാക്ഷാല്‍ അമീര്‍ പോലും നിനച്ചിട്ടുണ്ടാകില്ല.
സ്ത്രീയും പുരുഷനും പരസ്പരം ഇടകലര്‍ന്നിരിക്കാമോ എന്ന് ചോദിച്ചാല്‍, അന്യ സ്ത്രീ പുരുഷന്മാര്‍ പരസ്പരം കണ്ടു മുട്ടാന്‍ ഇടയാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം എന്നതാണ് ഇത് സംബന്ധിച്ചുള്ള ഇസ്‌ലാമിക കര്‍മശാസ്ത്ര നിയമം. ഉമ്മ വെക്കുന്ന കാര്യത്തില്‍ മാത്രമല്ല, നിസ്‌കരിക്കുന്ന കാര്യത്തില്‍ വരെ അതാണ് നിയമം. അതാണ് ഇസ്‌ലാമിന്റെ മൂല്യബോധം. ആ ബോധം എല്ലാവരും പാലിക്കണമെന്ന് ഇസ്‌ലാമില്‍ നിയമമില്ല. മുസ്‌ലിംകള്‍ക്ക് ബാധകമായ നിയമമാണതെന്നാണ് അവര്‍ വിശ്വസിക്കുന്നത്. പക്ഷേ, മൗദൂദികളുടെ സ്വത്വ പ്രതിസന്ധി മറ്റൊന്നാണ്. പൊതു സമൂഹത്തിനും ഇസ്‌ലാമിക സമൂഹത്തിനും ഇടയില്‍ ഞെരുങ്ങി ജീവിക്കുന്നത് കൊണ്ടുള്ള ഇടര്‍ച്ചകളാണ് അവര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. അതുകൊണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്ക് അതിനെ എതിര്‍ത്തേ പറ്റൂ. ആ എതിര്‍പ്പ് ഇവരുടെ സ്വത്വ പ്രതിസന്ധിയുടെ ആവിഷ്‌കാരമാണ്. അതുകൊണ്ട് തന്നെ, അന്യ സ്ത്രീകളും പുരുഷന്മാരും ഇടകലരാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് കാന്തപുരം പറഞ്ഞാല്‍ ഉടനെ വരും ഇവരുടെ സ്ത്രീ സംഘടനയുടെ പ്രസ്താവന. പക്ഷേ, ആ പ്രസ്താവനകളൊക്കെ ഇറക്കിയവര്‍ക്ക് ഇപ്പോള്‍ പ്രകാശ് ബാബുവിനെ പിന്തുണക്കേണ്ടി വന്നത് വിധിയുടെ മറ്റൊരു വൈപരീത്യം. ഇപ്പോള്‍ പ്രകാശ് ബാബുവിന്റെ കൂടെ നില്‍ക്കേണ്ടി വന്നതിലും എന്തുകൊണ്ടും മനോഹരമാകുമായിരുന്നു, അന്ന് കാന്തപുരത്തിന്റെ കൂടെ നിന്നിരുന്നെങ്കില്‍.
ഏതായാലും ഇത്തരം സ്വത്വ പ്രതിസന്ധികള്‍ സ്വയം പരിഹരിക്കാനുള്ള അവസരമാണ് മൗദൂദികള്‍ക്ക് കൈവന്നിരിക്കുന്നത്. ഒന്നുകില്‍ പൊതു സ്ഥലങ്ങളില്‍ അന്യ മുസ്‌ലിം സ്ത്രീ പുരുഷന്മാര്‍ ഒരുമിച്ചു നിസ്‌കരിക്കുന്ന കാര്യത്തിലുള്ള അതേ നിലപാട് മൗദൂദികള്‍ പൊതു സ്ഥലങ്ങളില്‍ ഉമ്മ വെക്കുന്ന കാര്യത്തിലും നടപ്പിലാക്കണം. അല്ലെങ്കില്‍ പൊതു സ്ഥലത്ത് ഉമ്മ വെക്കുന്ന കാര്യത്തില്‍ സ്വീകരിച്ച നിലപാട് മുസ്‌ലിംകളുടെ ആരാധനാ പരവും സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടുള്ള മറ്റു കാര്യങ്ങളിലും സ്വീകരിക്കണം. രണ്ടാല്‍ ഒന്ന് തിരഞ്ഞെടുക്കാനുള്ള സുവര്‍ണാവസരമാണ് മൗദൂദികള്‍ക്ക് കൈവന്നിരിക്കുന്നത്. വലിയ നിലപാടുകള്‍ ഉള്ള പ്രസ്ഥാനമാണ് എന്നാണല്ലോ അവകാശവാദം.