ബാര്‍ കോഴ: രണ്ട് പേരില്‍ നിന്ന് കൂടി മൊഴിയെടുത്തു

Posted on: November 10, 2014 11:23 pm | Last updated: November 10, 2014 at 11:23 pm

bribeതിരുവനന്തപുരം: ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തെ തുടര്‍ന്ന് രണ്ട് ബാറുടമകളില്‍ നിന്നു കൂടി വിജിലന്‍സ് മൊഴിയെടുത്തു. കോട്ടയത്തെ ബാറുടമകളായ തങ്കച്ചന്‍, ഷാജു എന്നിവരില്‍ നിന്നാണ് ഇന്നലെ അന്വേഷണ സംഘം മൊഴിയെടുത്തത്. തിരുവനന്തപുരത്തെ പട്ടത്തെ വിജിലന്‍സ് സതേണ്‍ റേഞ്ച് ഓഫീസില്‍ ഇന്നലെ ഉച്ചയോടെയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
ബാറുടമകളുടെ അസോസിയേഷന്‍ ട്രഷറര്‍ എന്ന നിലയാണ് തങ്കച്ചനോട് ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടത്. തങ്കച്ചനാണ് കോഴ നല്‍കാനുള്ള പണം അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്തതെന്ന് ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. വിജിലന്‍സ് എസ് പി രാജ്‌മോഹനും ഡി വൈ എസ് പി സുരേഷ്‌കുമാറും ബാറുടമകളുടെ മൊഴി രേഖപ്പെടുത്തി. മന്ത്രി കെ എം മാണിക്ക് പണം നല്‍കിയെന്ന് പറയപ്പെടുന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ ഭാരവാഹികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു. ബിജു രമേശിന്റെ ഡ്രൈവര്‍, ഹോട്ടല്‍ മാനേജര്‍ എന്നിവരില്‍ നിന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് മൊഴി എടുത്തിരുന്നു.