കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി കോഴിക്കോടിനെ മാറ്റണം: എം കെ രാഘവന്‍

Posted on: November 10, 2014 5:21 pm | Last updated: November 10, 2014 at 5:21 pm

കോഴിക്കോട്: സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടനകളും, കലാകാരന്‍മാരും ധാരാളമുള്ള കോഴിക്കോടിനെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റണമെന്ന് എം കെ രാഘവന്‍ എം പി. പുതുതായി ആരംഭിച്ച കലാ സാമൂഹിക സാംസ്‌കാരിക സംഘടനയായ മലബാര്‍ ദീപ്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മാധ്യമങ്ങളുടെ വ്യത്യസ്ഥമായ വീക്ഷണങ്ങള്‍ വാര്‍ത്തകളുടെ സത്യസന്ധതയെ തകര്‍ക്കുകയാണ്. മാധ്യമ പ്രസ്ഥാന ഉടമകളുടെ കാഴ്ചപ്പാടുകളാണ് വാര്‍ത്താരൂപത്തില്‍ പുറത്തു വരുന്നത്. ഇതിന് മാറ്റമുണ്ടാകണം. സത്യസന്ധമായ മാധ്യമ സംസ്‌കാരം വളര്‍ന്നുവരേണ്ടത് അനിവാര്യമായിരിക്കുകയാണ്. സത്യത്തെ സത്യമായി കാണാന്‍ സാധിക്കുന്നവരായിരിക്കണം സാംസ്‌കാരിക നായകന്‍മാരെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക പ്രവര്‍ത്തകര്‍ വസ്തുതകള്‍ വിലയിരുത്തി ചിന്തിച്ച ശേഷം വേണം അഭിപ്രായം പറയാന്‍. അഴീക്കോട് അത്തരമൊരു സാംസ്‌കാരിക നേതാവായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം സാംസ്‌കാരിക അപചയമാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന എല്ലാ വിഷയത്തെക്കുറിച്ചും വ്യക്തമായ അഭിപ്രായം പറയാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടനകളും ചങ്കൂറ്റം കാണിക്കണമെന്നും എം പി പറഞ്ഞു. മലബാര്‍ ദീപ്തി പ്രസിഡന്റ് ജോണ്‍ പൂതക്കുഴി അധ്യക്ഷത വഹിച്ചു. താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കെ എസ് എഫ് ഇ ചെയര്‍മാന്‍ പി ടി ജോസ്, ഡി സി സി പ്രസിഡന്റ് കെ സി അബു, മലബാര്‍ ദീപ്തി സെക്രട്ടറി പ്രൊഫ. ചാര്‍ളി കട്ടക്കയം, ജോയിന്റ് സെക്രട്ടറി ജോണ്‍സണ്‍ കുളത്തിങ്കല്‍, പി അനില്‍ ബാബു, താജുദ്ദീന്‍ വടകര, ഫാ. ജോസഫ് പൂതക്കുഴി, കൂമ്പാറ ബേബി, എം ഭാസ്‌കരന്‍ സംസാരിച്ചു.