Connect with us

Kozhikode

ഏത് രോഗത്തിനുമുള്ള മികച്ച പ്രതിവിധി ബോധവത്കരണം: ആര്യാടന്‍ മുഹമ്മദ്‌

Published

|

Last Updated

കോഴിക്കോട്: ഏത് രോഗത്തിനുമുള്ള ഏറ്റവും മികച്ച പ്രതിവിധി ബോധവത്കരണമാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ദൈനംദിന ജീവിതത്തില്‍ ചിട്ടയായ ക്രമവും ഭക്ഷണരീതിയും വ്യായാമവും സ്വീകരിച്ചാല്‍ ഹൃദ്രോഗമടക്കമുള്ളവയെ അകറ്റിനിര്‍ത്താമെന്നും അര്യാടന്‍ അഭിപ്രായപ്പെട്ടു.
കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ്, നാഷനല്‍ ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി മലബാര്‍ പാലസില്‍ സംഘടിപ്പിച്ച “ശസ്ത്രക്രിയ ഇല്ലാതെ ഹൃദ്രോഗം ഭേദമായവരുടെ സംഗമം” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗങ്ങളെ അകറ്റി നിര്‍ത്താനുള്ള ബോധവത്കരണം സമൂഹത്തിന്റെ കടമയാണ്. വലിയ ശസ്ത്രക്രിയ ആവശ്യമില്ലാതെ ഭേദമാക്കാവുന്ന ചികിത്സകളാണ് നല്ലത്. ഏഴ് വര്‍ഷത്തിന് മുമ്പ് ബൈപ്പാസ് ശസ്ത്രക്രിയക്ക് താന്‍ വിധേയനായ അനുഭവം മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. നിയമസഭയില്‍ വിലവര്‍ധനക്കെതിരായ അടിയന്തരപ്രമേയം അവതരിപ്പിക്കവെ അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് ചികിത്സ തേടുകയുമായിരുന്നു. ക്രമമില്ലാത്ത ഭക്ഷണവും സിഗരറ്റിന്റെ അമിതഉപയോഗവും വ്യായാമമില്ലാമയുമാണ് അത്തരമൊരു ശാരീരികാവസ്ഥയിലേക്ക് തന്നെ എത്തിച്ചതെന്നും ചിട്ടയായ ജീവിതക്രമം അവലംബിച്ചാല്‍ ഏത് രോഗങ്ങളെയും ഒരു പരിധിവരെ ഒഴിവാക്കാമെന്നാണ് അനുഭവത്തിലൂടെ വ്യക്തമായതെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. കേരള ഹാര്‍ട് കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ കുഞ്ഞാലി അധ്യക്ഷത വഹിച്ചു. അഡ്വ. കെ എ മോഹന്‍രാജ്, ഡോ. നാസര്‍ യൂസുഫ്, ഡോ. പി കെ അശോകന്‍, ഇ വി ഉസ്മാന്‍കോയ, ആര്‍ ജയന്ത്കുമാര്‍, ഡോ. കെ മൊയ്തു, എം കെ മുരളീധരന്‍ പങ്കെടുത്തു.