Connect with us

Malappuram

അധ്യാപകര്‍ക്ക് പരിശീലനം

Published

|

Last Updated

മലപ്പുറം: കേരള വനഗവേഷണ സ്ഥാപനത്തിന്റെയും കൂട് പരിസ്ഥിതി മാസികയുടെയും സംയുക്താഭിമുഖ്യത്തില്‍ നിലമ്പൂര്‍ ടീക്ക് മ്യൂസിയത്തില്‍ തിരഞ്ഞെടുത്ത നാല്‍പ്പതോളം അധ്യാപകര്‍ക്കായി പ്രകൃതിപഠനവിഷയങ്ങളില്‍ പരിശീലനം നടത്തി.
പശ്ചിമഘട്ടത്തെയും പരിസ്ഥിതി-ശാസ്ത്ര വിഷയങ്ങളെയും കുറിച്ചുള്ള അറിവ് വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ ലളിതമായി പകര്‍ന്നു നല്‍കാം എന്ന് അധ്യാപകര്‍ക്ക് കൃത്യമായ കാഴ്ചപ്പാട് നല്‍കുന്നതായിരുന്നു പരിശീലനപരിപാടി. ഇന്ത്യയിലെ സസ്തനികളുടെ സംരക്ഷണത്തെയും നിരീക്ഷണത്തെയും കുറിച്ചുള്ള കെ എഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ. പി എസ് ഈസയുടെ ക്ലാസോടുകൂടിയാണ് പരശീലനപരിപാടി തുടങ്ങിയത്. പ്രൊഫ. ഇ കുഞ്ഞികൃഷ്ണന്‍, ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട്, ഡോ. അനൂപ് ദാസ്, ഡോ. ഷാജി സി പി, സന്ദീപ്ദാസ്, രാജ്കുമാര്‍ വിവിധ വിഷയങ്ങളിലെ ക്ലാസുകള്‍ നയിച്ചു. പക്ഷികളെയും ശലഭങ്ങളെയും സസ്യങ്ങളെയും അടുത്ത് പരിചയപ്പെടുന്നതിനായി ഒരു ഫീല്‍ഡ് ട്രിപ്പും പരിശീലനത്തോടനുബന്ധിച്ച് നടത്തി. കൂട് മാസിക കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കാനുദ്ദേശിക്കുന്ന അധ്യാപക പരിശീലന ക്ലാസുകളുടെ തുടക്കമായിരുന്നു ടീക്ക് മ്യൂസിയത്തില്‍ വെച്ചു നടന്നത്.
പരിസ്ഥിതി വിദ്യാഭ്യാസത്തിനു വേണ്ടി സ്‌കൂളുകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേരള വനഗവേഷണ സ്ഥാപനവും കൂട് മാസികയും യോജിച്ച് പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികളെ പ്രകൃതിയിലേക്ക് കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യവുമായാണ് കൂട് പരിസ്ഥിതി മാസിക ഇത്തരം പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നത് എന്ന് കൂട് മാസിക എഡിറ്റര്‍ മുരളീധരന്‍ അറിയിച്ചു.

Latest