സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിച്ചില്ല; ആദിവാസി ബാലന്‍ മരിച്ച സംഭവം: അമ്മ ശോഭന അവശ നിലയില്‍

Posted on: November 10, 2014 5:08 pm | Last updated: November 10, 2014 at 5:08 pm

കാളികാവ്: ചോക്കാട് ചേനപ്പാടി കോളനിയില്‍ ഉറങ്ങിക്കിടക്കവെ പന്ത്രണ്ടുകാരന്‍ ആദിവാസി ബാലന്‍(വിനോദ്) വീടിന്‍ മേല്‍ കൂററന്‍ മരുത് മരം കടപുഴകി വീണ് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ കുടുംബത്തിന് പ്രഖ്യാപിച്ച ധനസാഹയം ഇതേവരെ കുടുംബത്തിന് ലഭിച്ചില്ല.
ദുരന്തം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മന്ത്രിമാരായ എ പി അനില്‍കുമാര്‍, പി കെ ജയലക്ഷ്മി എന്നിവര്‍ മുഖേന പ്രഖ്യാപിച്ച രണ്ട്് ലക്ഷം രൂപയാണ് കുടുംബത്തിന് ലഭിക്കാത്തതിരിക്കുന്നത്. പരുക്കേറ്റ ശോഭന ഉള്‍പ്പടെയുള്ള നാല് പേര്‍ക്ക് 25000 രൂപ വീതവും നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ധന സഹായം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
വിനോദിന്റെ അമ്മ ശോഭന ദുരന്തത്തില്‍ പരിക്കേററ് ഇപ്പോഴും തൊട്ടടുത്ത ചിങ്കക്കല്ല് കോളനിയില്‍ ശാരീരിക വേദനങ്ങളുമായി തുടര്‍ ചികിത്സയില്ലാതെ കഴിയുകയാണ്. മരം വീണ് ഇവരുടെ തോളിന് പരുക്കേറ്റിരുന്നു. നെഞ്ചിനും പരുക്കേറ്റ ഇവര്‍ക്ക് ശരീരമാസകലം കടുത്ത വേദനയാണ്. മകന്റെ പേര്‍പാടിന്റെ നോവ് സൃഷ്ടിച്ച വേദനക്കൊപ്പം ശാരീരിക വേദന കൂടിയായതോടെ ശോഭന ഒന്നും ഉരിയാടാതെ ചിങ്കക്കല്ല് കോളനിയില്‍ സഹോദരിക്കും കുടുംബങ്ങള്‍ക്കും ഒപ്പം കഴിയുകയാണ്. ഒക്ടോബര്‍ മാസം 25 ന് രാവിലെ ചേനപ്പാടിയില്‍ വനത്തില്‍ നിന്നുള്ള മരം കടപുഴകിവീണാണ് വിനോദിന്റെ കുടുംബം താമസിച്ച വീട് തകര്‍ന്നത്. ചന്ദ്രന്‍ എന്നയാളുടെ വീടും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു. ശോഭനയെകൂടാതെ ചന്ദ്രന്‍, സരോജിനി, ശ്രീനിവാസന്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. നട്ടല്ലിന് ക്ഷതമേററ ശ്രീനിവാസന്റെ പരുക്ക് ഗുരുതരമാണ്. ശ്രീനിവാസന്റെ ജേഷ്ടന്റെ ഭാര്യയാണ് ശോഭന. ജേഷ്ടന്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ജോലിക്ക് പോകാനാകാതെ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നത്. ദുരിത ജീവതത്തിനൊടുവില്‍ രണ്ട് വര്‍ഷം മുമ്പാണ് കേശവന്‍ മരണപ്പെട്ടത്.
അപകടം നടന്ന അടുത്ത ദിവസം തന്നെ മന്ത്രി അനില്‍കുമാര്‍ ഇവരെ ചികിത്സിച്ച നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിയിരുന്നു. ചികിത്സക്ക് വേണ്ട നടപടിക്ക് മന്ത്രി ഐ ടി ഡി പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തൊട്ടടുത്ത ദിവസങ്ങളില്‍ ആദിവാസികളെ സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഉത്തരവാദപ്പെട്ട പഞ്ചായത്ത് ഭരണസമിതിയംഗങ്ങളുമടങ്ങുന്ന സംഘമാണ് പട്ടിവര്‍ഗ വകുപ്പ് മന്ത്രി ജയലക്ഷ്മി വിനോദിന്റെ കുടംബത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചതായി മാധ്യമങ്ങളെ അറിയിച്ചത്. അപകടം നടന്നതിന് ശേഷമുള്ള മന്ത്രി സഭായോഗത്തില്‍ ഒരു ലക്ഷം രൂപയുടെ സഹായം മരണപ്പെട്ട വിനോദിന്റെ കുടുംബത്തിന് പ്രഖ്യാപിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. പരുക്കേറ്റവര്‍ക്ക് 25000 രൂപ വീതവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സഹായങ്ങളൊന്നും ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ല. ഇവരെ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റുകമാത്രമാണ് ചെയ്തിരിക്കുന്നത്. വനം വകുപ്പ് നല്‍കിയ 2500 രൂപമാത്രമാണ് സഹായമായി ലഭിച്ചതെന്നാണ് മരിച്ച വിനോദിന്റെ ബന്ധുക്കള്‍ പറയുന്നത്.
ഇന്നലെ വിനാദിന്റെ മരണാടിയന്തര കര്‍മങ്ങള്‍ക്ക് പോലും പണമില്ലാതെ വലയുകായിരുന്നു ശോഭനും മക്കളും. ശോഭന കുലിപ്പണിയെടുത്താണ് അഞ്ചംഗ കുടുബത്തെ പുലര്‍ത്തിയിരുന്നത്. ഇപ്പോള്‍ ജോലിക്ക് പോകാനാകാത്തത് കുടംബത്തെ പ്രയാസപ്പെടുത്തുന്നു. ചിങ്കക്കല്ല കോളനിയില്‍ സഹോദരി ചാത്തിയും മക്കളുമടങ്ങുന്ന പതിനൊന്നംഗ കുടുംബത്തിന്റെ കൂടെ ഒരു ഷെഡിലാണ് ഇപ്പോള്‍ ശോഭനയും മക്കളും ഞെരുങ്ങി കഴിയുന്നത്. ചേനപ്പാടി കോളനിയിലെ അവശേഷിക്കുന്ന ഷെഡുകളും മറ്റും കാട്ടാനകള്‍ നിലംപരിശാക്കിയിട്ടുണ്ട്.