ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം; പ്രഖ്യാപനം ജലരേഖ

Posted on: November 10, 2014 5:01 pm | Last updated: November 10, 2014 at 5:01 pm

താമരശ്ശേരി: അടിവാരം ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തില്‍ നിന്ന് ആരോഗ്യ ഉപകേന്ദ്രം പബ്ലിക് ലൈബ്രറിയിലേക്ക് മാറ്റിയിട്ട് രണ്ടുവര്‍ഷം പിന്നിട്ടെങ്കിലും കെട്ടിട നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല. എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കെട്ടിട നിര്‍മാണത്തിന് 35 ലക്ഷം രൂപ അനുവദിച്ചതായി ഗ്രാമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം പുതുപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നല്‍കിയ മറുപടിയില്‍ അടിവാരം ആരോഗ്യ ഉപകേന്ദ്രത്തിന് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടില്ലെന്നും പ്ലാനോ എസ്റ്റിമേറ്റോ തയ്യാറാക്കി അനുമതി നേടിയിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. പഞ്ചായത്തിന്റെ അധീനതയില്‍ ദേശീയപാതയോരത്തുള്ള ഭൂമിയില്‍ കെട്ടിടം പണിയാതെ മറ്റൊരു സ്ഥലം കെണ്ടത്താനാണ് നീക്കം നടക്കുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. ജീര്‍ണാവസ്ഥയിലാണെങ്കിലും പഴയ ആരോഗ്യകേന്ദ്രത്തില്‍ സന്ധ്യയാകുന്നതോടെ അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. മദ്യപാനികളും അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും ഇവിടെ താവളമാക്കിയിരിക്കുകയാണ്. കെട്ടിടത്തിനോട് ചേര്‍ന്ന കിണര്‍ മദ്യകുപ്പികള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. കെട്ടിടത്തിന് വാതിലുകള്‍ ഇല്ലാത്തതും പരിസരം കാടുമൂടി കിടക്കുന്നതും സാമൂഹിക വിരുദ്ധര്‍ക്ക് തുണയാകുന്നുണ്ട്. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം.