വിഭജനവാദം ശക്തം: കാറ്റലോണിയയില്‍ പ്രതീകാത്മക ഹിതപരിശോധന

Posted on: November 10, 2014 5:12 am | Last updated: November 9, 2014 at 10:13 pm

മാഡ്രിഡ്: ബ്രിട്ടനിലെ സ്‌കോട്ട്‌ലാന്‍ഡിന് പിറകേ സ്‌പെയിനിലെ കാറ്റലോണിയ മേഖലയിലും സ്വാതന്ത്ര്യ ദാഹം ശക്തിപ്പെടുന്നു. സ്‌കോട്ട്‌ലാന്‍ഡില്‍ ഹിതപരിശോധന നടന്നതോടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിഭജനവാദം കാറ്റലോണിയയില്‍ ശക്തമായതിന് പിറകേ ഇന്നലെ പ്രതീകാത്മക ഹിതപരിശോധന നടന്നു. സ്‌പെയിനില്‍ നിന്ന് വേര്‍പെടണോ വേണ്ടയോ എന്നതായിരുന്നു ചോദ്യം. പോളിംഗ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നീണ്ട നിര കാണാമായിരുന്നു.
സ്‌പെയിനിലെ ഏറ്റവും സമ്പന്നമായ പ്രദേശം എന്ന നിലയില്‍ കാറ്റലോണിയ വിട്ട് പോകുന്നതിനെതിരെ സ്‌പെയിന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാടാണ് എടുക്കുന്നത്. എന്നാല്‍ സ്വയംഭരണത്തിനായുള്ള മുറവിളിയുയര്‍ന്നതോടെ കാറ്റലോണിയക്ക് പ്രത്യേക അധികാരങ്ങള്‍ വകവെച്ച് കൊടുക്കാന്‍ സ്‌പെയിന്‍ തയ്യാറായിരുന്നു. എന്നാല്‍ അതു കൊണ്ടൊന്നും തൃപ്തരാകാന്‍ തയ്യാറല്ലാത്ത സ്വാതന്ത്ര്യ പക്ഷക്കാര്‍ പ്രവിശ്യയില്‍ കൂടുതല്‍ പിന്തുണ ആര്‍ജിക്കുകയാണ്. ഇതിന്റെ തെളിവായി മാറി ഇന്നലെ നടന്ന പ്രതീകാത്മക വോട്ടെടുപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സ്‌പെയിനിന്റെ അഖണ്ഡത നിര്‍ണായകമാണെന്ന് പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് നേതാവുമായ മാരിനോ രജോയ് പറഞ്ഞു. എന്ത് വിലകൊടുത്തും രാജ്യത്തിന്റെ ഐക്യം കാത്തു സൂക്ഷിക്കുമെന്ന് രജോയ് പറഞ്ഞു.
ഇത് സുവര്‍ണാവസരമാണ്. ഇത് പാഴാക്കരുത്. ദീര്‍ഘകാലത്തെ സ്വപ്‌നത്തിന്റെ സാഫല്യമാണ് ഈ വോട്ടിംഗ് ഉദ്‌ഘോഷിക്കുന്നത്- ബര്‍സിലോണയിലെ പോളിംഗ് സ്റ്റേഷനു മുന്നില്‍ മാര്‍ട്ടിന്‍ അര്‍ബെയ്‌സര്‍ എന്ന യുവാവ് പറഞ്ഞു. ഇതിന് ഔദ്യോഗിക അംഗീകാരമില്ല. എന്നാല്‍ ഇത് ശ്രദ്ധ ക്ഷണിക്കലാണ്. എത്രപേര്‍ വോട്ട് ചെയ്യുന്നുവോ അത്ര ഉച്ചത്തില്‍ നമ്മുടെ ശബ്ദം കേള്‍പ്പിക്കപ്പെടുമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.
വോട്ടിംഗിനെതിരെ സ്പാനിഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നിയമപരമായ അംഗീകാരമില്ലാത്തതിനാല്‍ വോട്ടിംഗുമായി മുന്നോട്ട് പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.