Connect with us

International

കോളജ് വിദ്യാര്‍ഥികളെ കാണാതായ സംഭവം: മെക്‌സിക്കോയില്‍ പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

മെക്‌സിക്കോ സിറ്റി: 43 കോളജ് വിദ്യാര്‍ഥികളെ കാണാതായതുമായി ബന്ധപ്പെട്ട് മെക്‌സിക്കോയില്‍ വ്യാപക പ്രതിഷേധം. മെക്‌സിക്കോ സിറ്റിയിലെ നാഷനല്‍ പാലസിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമം നടത്തി. പാലസിനുള്ളിലേക്ക് പ്രവേശിക്കാനുള്ള വാതില്‍ ഇടിച്ചുതകര്‍ക്കാനും കത്തിക്കാനും പ്രതിഷേധക്കാര്‍ ശ്രമിച്ചെങ്കിലും ഉള്ളിലേക്ക് ആര്‍ക്കും പ്രവേശിക്കാനായില്ല. പ്രത്യേക ചടങ്ങുകള്‍ക്കായി പ്രസിഡന്റ് എന്റിക്യൂ പെന നീറ്റോ ഉപയോഗിക്കുന്നതാണ് ഈ പാലസ്. പ്രതിഷേധക്കാര്‍ നൂറുകണക്കിന് വാഹനങ്ങള്‍ക്ക് തീയിട്ടു. തെക്കന്‍ മെക്‌സിക്കോയിലെ സര്‍ക്കാര്‍ ആസ്ഥാന മന്ദിരത്തിന് നേരെ പ്രതിഷേധക്കാര്‍ ബോംബെറിയുകയും ചെയ്തു. മുഖം മൂടി ധരിച്ച് സര്‍ക്കാര്‍ ആസ്ഥാനമന്ദിരത്തിന് മുമ്പിലെത്തിയ മൂന്നൂറോളം വരുന്ന വിദ്യാര്‍ഥികള്‍ ഇവിടെ പത്ത് വാഹനങ്ങള്‍ തീ വെച്ച് നശിപ്പിച്ചു.
43 കോളജ് വിദ്യാര്‍ഥികളെ കാണാതായതുമായി ബന്ധപ്പെട്ട് മെക്‌സിക്കോയില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. പോലീസ് കൈമാറിയ കോളജ് വിദ്യാര്‍ഥികളെ തങ്ങള്‍ കൊലപ്പെടുത്തി കത്തിച്ചു ചാരമാക്കി കളഞ്ഞതായി കഴിഞ്ഞ ദിവസം മെക്‌സിക്കോയിലെ ഒരു ക്രിമിനല്‍ സംഘം വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്തയുടെ വിശ്വാസ്യത ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഈ വാര്‍ത്ത സത്യമാകാനുള്ള മുഴുവന്‍ തെളിവുകളും ലഭിച്ചതായി മെക്‌സിക്കോ അധികൃതര്‍ അവകാശപ്പെട്ടു. അതേസമയം, തങ്ങളുടെ മക്കള്‍ കൊല്ലപ്പെട്ടു എന്ന് വ്യക്തമായ തെളിവുകളുടെ പിന്തുണയോടെ ഉറപ്പാക്കാത്ത കാലത്തോളം അവരെ ജീവിച്ചിരിക്കുന്നവരായി തന്നെ തങ്ങള്‍ കാണുമെന്ന് കാണാതായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.
മെക്‌സിക്കോയിലെ ഫെഡറല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ പൂര്‍ണമായും നിരുത്തവരവാദപരമായാണ് പെരുമാറുന്നതെന്നും ഈ കേസ് എത്രയും പെട്ടെന്ന് ഒതുക്കിത്തീര്‍ക്കാനാണ് അവര്‍ക്ക് താത്പര്യമെന്നും കാണാതായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പറയുന്നു.
രണ്ട് വര്‍ഷം മുമ്പ് അധികാരത്തിലേറിയ പെന നീറ്റോക്ക് മുമ്പിലെ ഏറ്റവും വലിയ പ്രശ്‌നമായി ഈ സംഭവം മാറിയിട്ടുണ്ട്. സംഘടിത കുറ്റകൃത്യങ്ങളില്‍ 2006 മുതല്‍ ഇതുവരെ മെക്‌സിക്കോയില്‍ 80,000 പേര്‍ കൊല്ലപ്പെടുകയും 22,000ത്തിലധികം വരുന്നവരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest