Connect with us

Gulf

നിയമം ലംഘിച്ചുള്ള താമസം; നഗരസഭ പരശോധന ശക്തമാക്കി

Published

|

Last Updated

അബുദാബി: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമം ലംഘിച്ച് താമസിക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചില്‍ അധികൃതര്‍ കര്‍ശനമാക്കി.
വില്ലകളിലും ഫഌറ്റുകളിലും നഗരസഭ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ മറികടന്ന് താമസിക്കുന്നവരെ കണ്ടെത്താനാണ് അധികൃതര്‍ പരിശോധന ശക്തമാക്കിയത്.
അബുദാബിയിലെ അല്‍ ബുതീന്‍, അല്‍ സഅ്ഫറാന, അല്‍ മഖ്ത, അല്‍ കറാമ, അല്‍ മുശ്‌രിഫ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി നഗരസഭാ ഉദ്യോഗസ്ഥര്‍ വില്ലകളിലും മറ്റും പരിശോധന കര്‍ശനമാക്കിയത്. സംശയമുള്ള താമസസ്ഥലങ്ങളില്‍ 60 ശതമാനവും പരിശോധന പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
ബാച്ചിലേഴ്‌സ് കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലാണ് പ്രധാനമായും പരിശോധനകള്‍ നടക്കുന്നത്. താമസകെട്ടിടങ്ങളിലെ ഓരോ മുറിയിലും എത്രപേര്‍ക്ക് താമസിക്കാമെന്ന് നഗരസഭയുടെ കണക്കുണ്ട്. മുറിയുടെ വിസ്തീര്‍ണം അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുന്നത്. ഇതിനു വിരുദ്ധമായി അനുവദനീയമായ എണ്ണത്തിലധികമുള്ള താമസക്കാരെയും മുറികളില്‍ അനധികൃതമായി പാര്‍ട്ടീഷന്‍ ചെയ്ത് താമസിക്കുന്നവരെയും കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
കെട്ടിട നിര്‍മാണ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലാണ് കൂടുതലും ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടുവരാറുള്ളത്. തുച്ഛമായ വരുമാനക്കാരായതിനാല്‍ വര്‍ധിച്ചുവന്ന താമസവാടക താങ്ങാന്‍ കഴിയാത്തതാണ് പലരേയും ഇത്തരം അനധികൃത താമസത്തിന് നിര്‍ബന്ധിതരാക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലായി ഇത്തരം തൊഴിലാളികള്‍ക്കു മാത്രമായി താമസിക്കാനുള്ള ലേബേഴ്‌സ് സിറ്റി തന്നെ അധികൃതര്‍ പണി കഴിപ്പിച്ചിട്ടുണ്ട്. പക്ഷെ, പല കമ്പനികളും അതിനുവരുന്ന കനത്ത സാമ്പത്തിക ചിലവ് കണക്കിലെടുത്ത് തൊഴിലാളികളെ അവിടെ താമസിപ്പിക്കാറില്ല. ഇത്തരം ലേബേഴ്‌സ് സിറ്റികളിലേക്ക് പരമാവധി തൊഴിലാളികളെ എത്തിക്കുക എന്നതുകൂടി അധികൃതരുടെ പരിശോധനകളുടെ പിന്നിലുണ്ട്.
നിയമലംഘനം പിടികൂടുന്നവര്‍ക്കൊക്കെ, താമസം നിയമ വിധേയമാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കുന്നുണ്ട്. അനധികൃതമായി പാര്‍ട്ടീഷന്‍ ചെയ്തതെല്ലാം ഉടനടി പൊളിച്ചുനീക്കാനും നഗരസഭാ അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിനങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ, തുച്ഛമായ വരുമാനമുള്ളവരാകയാല്‍ നിയമ വിധേയമായ താമസസ്ഥലം രണ്ടാഴ്ചക്കകം കണ്ടെത്തുക പ്രയാസമായതിനാല്‍, ചുരുങ്ങിയത് രണ്ടുമാസമെങ്കിലും സമയം അനുവദിക്കണമെന്ന് പിടിക്കപ്പെട്ട താമസക്കാരും ആവശ്യപ്പെട്ടു.

 

Latest