ആഗോള വെല്ലുവിളികളെ വ്യക്തമായ കാഴ്ചപ്പാടോടെ ഒരുമിച്ചു നേരിടണം- ശൈഖ് മുഹമ്മദ്

Posted on: November 9, 2014 5:37 pm | Last updated: November 9, 2014 at 5:37 pm

shaik muhammedദുബൈ: നവലോകം നേരിടുന്ന ആഗോള വെല്ലുവിളികളെ വ്യക്തവും കൃത്യവുമായ കാഴ്ചപ്പാടോടുകൂടി ഒരുമിച്ച് നേരിട്ട് പരാജയപ്പെടുത്തണമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രസ്താവിച്ചു. ആഗോളീകരണം അനുദിനം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി വെല്ലുവിളികളും രാജ്യാതിര്‍ത്തികള്‍ കടന്നുകൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ എന്നത്തേക്കാളുപരി ഏകാഭിപ്രായത്തോടെയുള്ള ഒത്തൊരുമിച്ചുള്ള മുന്നേറ്റം ഇന്ന് ഏറെ അനിവാര്യമായിരിക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ദുബൈയില്‍ തുടങ്ങുന്ന ഏഴാമത് ഗ്ലോബല്‍ അജണ്ട കൗണ്‍സില്‍ സമ്മിറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്. ഈ മാസം 11 വരെ നീണ്ടുനില്‍ക്കുന്ന സമ്മിറ്റില്‍ വിവിധ രാഷ്ട്ര നായകര്‍ക്കുപുറമെ ലോകത്തെ അറിയപ്പെട്ട സാമ്പത്തിക, വിദ്യാഭ്യാസ, ഭരണ, വ്യാപാര മേഘലകളിലെ വിദഗ്ധരടങ്ങിയ ആയിരം വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സമ്മിറ്റില്‍ പങ്കെടുക്കാനെത്തുന്ന ലോകനേതാക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത ശൈഖ് മുഹമ്മദ്, ക്രിയാത്മകമായ കാഴ്ചപ്പാടുകള്‍ ഏകീകരിക്കാനും നവലോകം നേരിടുന്ന പ്രതിസന്ധികളോടും വെല്ലുവിളികളോടും പോരാടി അതിജയിക്കാനും നേതൃപരമായ പങ്കുവഹിക്കാന്‍ സമ്മിറ്റിന് കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ലോകോത്തരമായ ചിന്തകളുടെ പണിപ്പുരയാണ് ഈ സമ്മിറ്റെന്നും അതിനാല്‍തന്നെ ഇതിന് ചരിത്രപരമായി വന്‍പ്രാധാന്യമുണ്ടെന്നും ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു.
ഇത്തരം ചിന്തകള്‍ക്ക് വേദിയാകാനും നവലോകത്തിന്റെ ഭാവി അഭിമാനകരമായിപണിതുയര്‍ത്താനും പറ്റിയ സാഹചര്യത്തിലേക്ക് യു എ ഇ ഉയര്‍ന്നു എന്നത് ഏറെ അഭിമാനകരമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.