Connect with us

Kerala

പാലക്കാട്ട് എന്‍ഡോസള്‍ഫാന്‍ രോഗബാധ സ്ഥിരീകരിച്ചു

Published

|

Last Updated

പാലക്കാട്: എന്‍ഡോസള്‍ഫാന്‍ രോഗബാധിതരായവരുടെ പ്രാഥമിക പരിശോധന നടത്തിയ മുതലമടയില്‍ 28 പേര്‍ക്കും രോഗബാധയെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക റിപ്പോര്‍ട്ട് ഡി എം ഒക്കു സമര്‍പ്പിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടോ എന്നറിയാന്‍ കേന്ദ്രപഠന സംഘം മുതലമട സന്ദര്‍ശിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. കഴിഞ്ഞ മാസം 29 ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ അഞ്ചംഗ വിദഗ്ധ ഡോക്ടര്‍മാരാണ് മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി എന്‍ഡോസള്‍ഫാന്‍ രോഗബാധ നിര്‍ണയ പ്രാഥമിക പരിശോധന ക്യാമ്പ് നടത്തിയത്.
ഇതിന്റെ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറിയപ്പോഴാണ് കൂടുതല്‍ പഠനത്തിനായി ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ പുതുനഗരം സജ്‌നയുടെ പരാതിയുടെ അടിസ്ഥാനത്തില്‍് മെഡിക്കല്‍ സംഘം മുതലമടയിലെത്തി പരിശോധന നടത്തിയത്. മലയോര പ്രദേശങ്ങളില്‍ മാന്തോപ്പുകളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരുടെ ഇടയിലാണ് എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെ കണ്ടെത്തിയത്. മുതലമടയില്‍ സമാനരീതിയില്‍ നടത്തിയപ്രഥമ പഠനത്തില്‍ 38 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ മുതലമടയില്‍ 78 പേരില്‍ 28 പേരും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ തന്നെയെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങളുടെ അസാമാന്യമായ വളര്‍ച്ച, ത്വക്ക് രോഗങ്ങള്‍, ബുദ്ധി വളര്‍ച്ചക്കുറവ്, നടക്കാന്‍ ശേഷി ഇല്ലായ്മ, ജന്മനാലുള്ള വൈകല്യങ്ങള്‍ എന്നിവ മാത്രമേ നിര്‍ണയിക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ ഇവരുടെ ശരീരത്തിലെ എന്‍ഡോസള്‍ഫാന്റെ വിഷാംശത്തിന്റെ അളവ് പരിശോധിക്കണമെങ്കില്‍ ആ പ്രദേശത്തെ മറ്റുള്ളവരേയും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഡോകര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിറ്റുര്‍ താലൂക്ക് കിഴക്കന്‍ പ്രദേശമായ കൊഴിഞ്ഞാമ്പാറ, വേലന്താവളം, വടകരപ്പതി, എരുത്തേമ്പതി, മീനാക്ഷിപുരം എന്നിവിടങ്ങളിലെ പച്ചക്കറി കൃഷിയിലും വ്യാപകമായി എന്‍ഡോസള്‍ഫാന്‍ അടിക്കുന്നതായും ഈ മേഖലയിലും രോഗബാധിതര്‍ ഉള്ളതായും സൂചനയുണ്ട്. അടുത്ത ആഴ്ചയോടെ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ഡി എം ഒ അറിയിച്ചു.