Connect with us

National

ശിവസേനയെ അനുനയിപ്പിക്കാന്‍ രണ്ട് കേന്ദ്ര മന്ത്രിസ്ഥാനങ്ങള്‍ കൂടി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ശിവസേനക്ക് നറുക്ക് വീഴും. രാജ്യസഭാംഗവും ശിവസേനാ നേതാവുമായ അനില്‍ ദേശായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മറ്റൊരാള്‍ കൂടി മന്ത്രിസഭയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്രയില്‍ ബി ജെ പിയോട് തെറ്റിപ്പിരിഞ്ഞ് ഒറ്റക്ക് മത്സരിക്കുകയും ഒടുവില്‍ ബി ജെ പി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ശിവസേനയെ പഴയതെല്ലാം മറക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ മന്ത്രിസ്ഥാനത്തിന്റെ യഥാര്‍ഥ ലക്ഷ്യം. ശിവസേനയുടെ പ്രതിനിധിയായി അനന്ത് ഗീഥെ ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ട്. അതേസമയം, സമ്മര്‍ദ തന്ത്രവുമായി ശിവസേന തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
സംസ്ഥാനത്തെ അധികാര വിഭജനം അന്തിമമായി പൂര്‍ത്തിയായ ശേഷം മതി കേന്ദ്ര മന്ത്രിസഭാ പ്രവേശമെന്നായിരുന്നു പാര്‍ട്ടി മേധാവി ഉദ്ധവ് താക്കറെ നേരത്തേ തീരുമാനിച്ചത്. എന്നാല്‍ ബി ജെ പിയില്‍ നിന്ന് കടുത്ത സമ്മര്‍ദം വന്നതോടെ നിലപാട് മയപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്ത് നല്‍കുന്ന സ്ഥാനമാനങ്ങളില്‍ ശിവസേന വിട്ടുവീഴ്ച ചെയ്യണമെന്ന സന്ദേശമാണ് ബി ജെ പി ഇതുവഴി നല്‍കുന്നത്. 12 മന്ത്രിസ്ഥാനങ്ങള്‍ നല്‍കാമെന്നാണ് ഇപ്പോള്‍ ബി ജെ പി പറഞ്ഞത്. ഇതില്‍ അഞ്ചെണ്ണം ക്യാബിനറ്റ് റാങ്കും ഏഴെണ്ണം സഹമന്ത്രി സ്ഥാനവുമാണ്. ഇതില്‍ സേന പൂര്‍ണ തൃപ്തരല്ലെന്നാണ് അറിയുന്നത്. ഉപ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം പുതിയ സാഹചര്യത്തില്‍ ഉപേക്ഷിക്കുമോ എന്നും വ്യക്തമല്ല. 1995ലെ ഫോര്‍മുല ആവര്‍ത്തിക്കണമെന്നും അന്ന് ചെറു പങ്കാളിയായ ബി ജെ പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയെന്നും ശിവസേന വാദിക്കുന്നു.
“ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങള്‍ നിലപാട് മയപ്പെടുത്തുകയാണ്. അനില്‍ ദേശായി മന്ത്രിസഭയില്‍ ചേരും”-സേനാ എം പി പറഞ്ഞു. മന്ത്രിസഭയില്‍ ചേരേണ്ട രണ്ടാമത്തെയാളുടെ പേര് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പേരുകള്‍ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ തന്നെ ശിവസേനാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ തീരുമാനം വൈകുന്നതിനാല്‍ ഉദ്ധവ് ബോധപൂര്‍വം ഈ ആവശ്യം അവഗണിക്കുകയായിരുന്നു. ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ധവ് താക്കറെ, ഇന്ന് പാര്‍ട്ടി എം എല്‍ എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 121 എം എല്‍ എമാരാണ് ബി ജെ പിക്കുള്ളത്. 145 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ ഒന്നുകില്‍ ശിവസേനയുടെ സഹായം സ്വീകരിക്കണം. അല്ലെങ്കില്‍ നേരത്തേ വെച്ചു നീട്ടിയ എന്‍ സി പിയുടെ (41 സീറ്റ്) പിന്തുണ സ്വീകരിക്കണം. “സ്വാഭാവിക പങ്കാളി”യെന്ന നിലയില്‍ ശിവസേനയെ തന്നെ കൂടെക്കൂട്ടാന്‍ ബി ജെ പി തീരുമാനിക്കുകയായിരുന്നു. എന്‍ സി പിയുടെ ബ്ലാങ്ക് ചെക്ക് നിലനില്‍ക്കെ ശിവസേനയോട് കടുത്ത വിലപേശലിന് ബി ജെ പിക്ക് സാധിക്കുന്നുണ്ട്.

Latest