കൊണ്ടോട്ടിയില്‍ പച്ചക്കറി കട കത്തി നശിച്ചു

Posted on: November 8, 2014 10:00 am | Last updated: November 8, 2014 at 10:58 am

കൊണ്ടോട്ടി: കൊണ്ടോട്ടി ടൗണില്‍ പച്ചക്കറി കട കത്തി നശിച്ചു. ബസ് സ്റ്റാന്‍ഡിന് മുന്‍ വശം ഖാസിയാരകം പള്ളി വക സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന എസ് ഡി വെജിറ്റബിള്‍സ് എന്ന പച്ചക്കറി കടയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിക്കും ഒരു മണിക്കുമിടയിലാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ െ്രെഡവര്‍മാര്‍ പുക ഉയരുന്നത് കണ്ട് ഓടി എത്തിയപ്പോഴാണ് തീ പിടുത്തം കാണുന്നത്. ഉടന്‍ പോലീസിലും ഫയര്‍ ഫോഴ്‌സിലും വിവരമറിയിച്ചു. ഡ്രൈവര്‍മാരും പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. ഓട്ടോ െ്രെഡവര്‍മാര്‍ തക്ക സമയത്ത് തീ ഉയരുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍ കൊണ്ടോട്ടി ടൗണ്‍ മുഴുവന്‍ ചാമ്പലാകുമായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിലേക്ക് പടരുമായിരുന്ന തീ നിമിഷ നേരം കൊണ്ടു തന്നെ മറ്റ് കെട്ടിടങ്ങളിലേക്കും പടര്‍ന്ന് പിടിക്കുമായിരുന്നു. കട മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരം കത്തിച്ചതാണെന്ന് നാട്ടുകാരും കടയുടമയും പറയുന്നു. പോലീസും ഇതെ നിഗമനത്തില്‍ തന്നെയാണ്. ഷെഡില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. ജനറേറ്റര്‍ ഉപയോഗിച്ചാണ് വിളക്കുകള്‍ കത്തിക്കുന്നത്. ഇന്ധനം ഒഴിച്ച് കടക്ക് തീ കൊടുക്കുകയാണുണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തുന്നുണ്ട്. പച്ചക്കറികള്‍ക്ക് പുറമെ ഇലക്‌ട്രോണിക്‌സ് തുലാസ് , 70ല്‍ അധികം പ്ലാസ്റ്റിക് പെട്ടികള്‍ എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കട ഉടമ മേലങ്ങാടി നടുത്തൊടിക അബ്ദുസലാം പറഞ്ഞു.