Connect with us

Ongoing News

സീക്കോ ആകെ നിരാശനാണ്

Published

|

Last Updated

പരീക്ഷാഹാളിലെത്തുമ്പോള്‍ പഠിപ്പിച്ചതൊക്കെ മറന്നു പോകുന്നവരെ പോലെയാണ് എഫ് സി ഗോവ ടീമിന്റെ സ്ഥിതി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഹൈ പ്രൊഫൈല്‍ പരിശീലകന്‍ സീക്കോക്ക് നിരാശപ്പെടാന്‍ മറ്റെന്ത് വേണം. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിലേറ്റ പരാജയത്തെയും സീക്കോ ഈ വിധമാണ് വിലയിരുത്തുന്നത്. നന്നായിട്ട് കളിക്കുന്നു. പക്ഷേ, വേണ്ടതൊന്നും ചെയ്യുന്നില്ല. ദൗര്‍ബല്യങ്ങള്‍ പരിശീലന സെഷനില്‍ പരിഹരിക്കാന്‍ സാധിക്കുന്നു. എന്നാല്‍, കളത്തിലിറങ്ങുമ്പോള്‍ ടീം അതെല്ലാം മറക്കുന്നു – സീക്കോ തന്റെ നിരാശയെ തുറന്നുവിടുന്നു.
ആറ് മത്സരങ്ങളില്‍ നാല് തോല്‍വിയോടെ ലീഗ് ടേബിളില്‍ നാല് പോയിന്റോടെ ഏറ്റവും പിറകിലാണ് ഗോവ.
എന്താണ് സംഭവിക്കുന്നത് ? കൊച്ചിയിലെ മത്സരശേഷം മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചു. നിങ്ങള്‍ ഈ ചോദ്യം അവരോട് തന്നെ ചോദിക്കൂ എന്നായിരുന്നു സീക്കോയുടെ മറുപടി. തന്റെ കളിക്കാരാണ് തോല്‍വിയുടെ കാരണക്കാര്‍ എന്ന് സീക്കോ എവിടെയും പറയുന്നില്ലെങ്കിലും കാരണമെന്തെന്നറിയാന്‍ കളിക്കാരോട് തന്നെ ചോദിക്കുക എന്ന വിചിത്രമായ മറുപടിയാണ് നല്‍കിയത്. ഇത് കടുത്ത നിരാശയില്‍ നിന്ന് ഉടലെടുത്തതാകാം.
ഐ എസ് എല്ലിലെ ഏറ്റവും മികച്ച കോച്ച്, മികച്ച ആക്രമണ ലൈനപ്പ്, ടൂര്‍ണമെന്റ് ഫേവറിറ്റ് ടാഗ്…ഇങ്ങനെ എഫ് സി ഗോവ നിലത്തൊന്നുമല്ലായിരുന്നു.
വെളുത്ത പെലെ എന്ന് വിശേഷിപ്പിക്കുന്നത് ഇഷ്ടമല്ലെങ്കിലും ബ്രസീലില്‍ പെലെക്ക് ശേഷം തരംഗമുണ്ടാക്കിയ ഫുട്‌ബോളറാണ് സീക്കോ. പരിശീലന ജോലിയിലും സീക്കോ തന്റെ ക്ലാസ് അറിയിച്ചു. ജപ്പാന്‍ ഫുട്‌ബോളിന്റെ പുരോഗതിയില്‍ സീക്കോയുടെ ദീര്‍ഘദര്‍ശിത്വം കാണാം. ഇന്ത്യയിലേക്ക് സീക്കോ വന്നത്, പുതിയൊരു അധ്യായം രചിക്കാന്‍ വേണ്ടിയാണ്. പക്ഷേ, എഫ് സി ഗോവയുടെ പ്രകടനം സീക്കോയുടെ മനം മടുപ്പിക്കുന്നു.

 

---- facebook comment plugin here -----

Latest