Connect with us

Kannur

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ എം എല്‍ എമാരും സി പി എം നേതാക്കളുമായ കെ കെ നാരായണന്‍, സി കൃഷ്ണന്‍ എന്നിവരടക്കം 14 പ്രതികള്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.
കേസിന്റെ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി സമന്‍സ് ലഭിച്ചവരാണ് കോടതിയില്‍ ഹാജരായത്. ശബരീഷ്, ബിനോയ് കുര്യന്‍, ബിജു കണ്ടക്കൈ, എം. കുഞ്ഞിരാമന്‍, രാജീവന്‍, പി എം ഇര്‍ഷാദ്, ഒ കെ വിനീഷ്, കെ ജയരാജന്‍, രാജേഷ് പ്രേം, അഡ്വ. നിസാര്‍ അഹ്മദ്, പി പ്രശോഭ്, പാച്ചന്‍ ഭാസ്‌കരന്‍ എന്നിവരാണ് ഹാജരായ മറ്റ് പ്രതികള്‍.
14ാം പ്രതിയായ കോമത്ത് മുരളീധരന്‍ ഹാജരായില്ല. ഇന്നലെ ഹാജരായ പ്രതികളില്‍ കെ കെ നാരായണന്‍, സി കൃഷ്ണന്‍, ശബരീഷ്, ബിനോയ് കുര്യന്‍, കെ ജയരാജന്‍ എന്നിവര്‍ ഇതുവരെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നില്ല. ഇവര്‍ക്ക് കോടതി ജാമ്യം നല്‍കി. ഹാജരായ 15 പേര്‍ ഡിസംബര്‍ ആറിന് വീണ്ടും ഹാജരാകണം. ഇവര്‍ക്ക് അന്ന് കുറ്റപത്രം നല്‍കും.
ആകെ 114 പ്രതികളാണ് കേസിലുള്ളത്. മറ്റുള്ളവരില്‍ 15 പേര്‍ക്കു കൂടി സമന്‍സ് അയക്കാന്‍ തീരുമാനമായി. ഇവര്‍ ഈ മാസം 11ന് കോടതിയില്‍ ഹാജരാകണം. പ്രതിപ്പട്ടികയിലുള്ള എല്ലാവര്‍ക്കും കുറ്റപത്രത്തിന്റെ കോപ്പി നല്‍കിയ ശേഷം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് യഥാര്‍ഥ കുറ്റപത്രം ജില്ലാ കോടതിക്ക് കൈമാറും. കണ്ണൂര്‍ സബ്‌കോടതിയിലായിരിക്കും വിചാരണ.
2013 ഒക്ടോബര്‍ 27 ന് സംസ്ഥാന പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്ന വഴി കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലെ സമ്മേളന വേദിക്ക് 50 മീറ്റര്‍ ദൂരത്തുവെച്ചാണ് മുഖ്യമന്ത്രി ആക്രമിക്കപ്പെടുന്നത്. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാറിന്‌നേരെയുണ്ടായ കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലും പരുക്കേറ്റിരുന്നു.