കാശ്മീര്‍ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് എ എന്‍ സി സുപ്രീം കോടതിയില്‍

Posted on: November 8, 2014 12:02 am | Last updated: November 8, 2014 at 12:31 am

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് അവാമി നാഷനല്‍ കോണ്‍ഫറന്‍സ് സുപ്രീം കോടതിയെ സമീപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണെന്നും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് സാധ്യമാകില്ലെന്നും പാര്‍ട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ കഴിയുകയാണ്. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജസ്റ്റിസുമാരായ ജെ ചലമേശ്വറും എസ് എ ബോബ്‌ഡെയും ആശങ്ക രേഖപ്പെടുത്തിയ കാര്യം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹരജിയില്‍ വാദം കേള്‍ക്കവെ സംസ്ഥാനത്ത് 72 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചതായി എ എന്‍ സിയുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. 2,600 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്നു. 390 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പൂര്‍ണമായിട്ടില്ല. പിന്നെയെങ്ങനെ സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. കൂടുതല്‍ വോട്ടര്‍മാര്‍ക്കും സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സ്ഥിതിവിശേഷം സംബന്ധിച്ച് കോടതിയുടെ പക്കല്‍ വ്യക്തമായ ചിത്രമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തന്നെ ഇതേ ഹരജിയില്‍ വാദം കേള്‍ക്കുമെന്നും ബഞ്ച് വ്യക്തമാക്കി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് മുസാഫര്‍ ഷാ മുഖാന്തരമാണ് എ എന്‍ സി ഹരജി സമര്‍പ്പിച്ചത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പാര്‍ട്ടി എതിരല്ലെന്നും എന്നാല്‍ തീയതി മാറ്റിവെക്കണമെന്നാണ് ആവശ്യമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.