ബാര്‍ കോഴ: കോണ്‍ഗ്രസ് മന്ത്രിമാരും പണം വാങ്ങിയെന്ന് ബിജു രമേശ്

Posted on: November 8, 2014 5:30 am | Last updated: November 7, 2014 at 11:31 pm

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് രംഗത്ത്. ധനമന്ത്രി കെ എം മാണിക്ക് പുറമേ കോണ്‍ഗ്രസ് മന്ത്രിമാരും പണം വാങ്ങിയതായി അദ്ദേഹം ആരോപിച്ചു. പണം നല്‍കിയവരുടെ മുഴുവന്‍ പേരുകളും പുറത്ത് വിടും. കെ എം മാണിക്കെതിരായ ആരോപണത്തില്‍ പ്രാഥമിക തെളിവ് നല്‍കി. റെക്കോര്‍ഡ് ചെയ്യപ്പെട്ട തെളിവുകള്‍ തന്റെ പക്കലുണ്ട്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ ഇവ കൈമാറുമെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു കോടി രൂപ മൂന്ന് ഗഡുവായിട്ടാണ് കെ എം മാണിക്ക് നല്‍കിയത്. അവസാന ഗഡു നല്‍കിയത് ഏപ്രില്‍ രണ്ടിനാണ്. തിരുവനന്തപുരത്തെ മാണിയുടെ വസതിയില്‍ പോയാണ് പണം നല്‍കിയതെന്നുള്ള ആരോപണങ്ങളില്‍ ബിജു രമേശ് ഉറച്ചു നിന്നു. അരൂരിലെ ബാറുടമ മനോഹരന്‍ തന്റെ മുന്‍ നിലപാട് മാറ്റാന്‍ കാരണം ഭയമാണെന്നും ബിജു പറഞ്ഞു. വിജിലന്‍സ് സംഘത്തിന് ശക്തമായ തെളിവ് നല്‍കിയിട്ടുണ്ട്. കെ എം മാണിയെ കാണാന്‍ പോയ സമയവും സ്ഥലവും മറ്റ് വിവരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കോഴയായിട്ടാണോ പണം ആവശ്യപ്പെട്ടത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കോഴ നല്‍കിയെന്ന ആരോപണം ഒത്തു തീര്‍പ്പിലേക്ക് എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍. കോഴ എന്ന വാക്ക് ബിജു മൊഴിയില്‍ ഉപയോഗിച്ചില്ലെന്നും തിരഞ്ഞെടുപ്പു ഫണ്ടിലേക്കാണോ പണം നല്‍കിയതെന്ന ചോദ്യത്തിനു തിരഞ്ഞെടുപ്പു കാലത്താണു പണം നല്‍കിയതെന്നായിരുന്നു ബിജുവിന്റെ മറുപടിയെന്നും വിജിലന്‍സ് ഉന്നതര്‍ വ്യക്തമാക്കി. അസോസിയേഷന്‍ ഭാരവാഹികളാണു പണം നല്‍കിയതെന്നും ബിജു വിജിലന്‍സിനോട് പറഞ്ഞു. നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചത് മദ്യലഹരിയിലായിരുന്നുവെന്നും കെ എം മാണിയെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും എല്ലാ കാര്യങ്ങളും വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ബാറുടമ മനോഹരന്‍ പറഞ്ഞത്. സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബിജു രമേശിനൊപ്പം പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ സുഹൃത്തിന് ഇതേ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ലായിരുന്നു. മാണിയുടെ വീട്ടില്‍ പോയിട്ടില്ലെന്നുമാണ് മനോഹരന്‍ പറഞ്ഞിരുന്നത്. ഇതിനിടെ ബാര്‍ കോഴ വിവാദം അവസാനിപ്പിക്കാന്‍ ബാര്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ ധാരണയിലായെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. അതിന്റെ ഭാഗമായി വിജിലന്‍സിന് മുന്നില്‍ ബിജു രമേശ് ശക്തമായ തെളിവുകള്‍ ഒന്നും തന്നെ ഹജരാക്കിട്ടുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.