Connect with us

Gulf

അബുദാബി ഫുഡ് ഫെസ്റ്റിവല്‍ അടുത്ത വര്‍ഷം നടക്കും

Published

|

Last Updated

അബുദാബി: ടി സി എ(ടുറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റി) യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അബുദാബി ഫുഡ് ഫെസ്റ്റിവല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. അഞ്ചു മുതല്‍ 21 വരെ നീണ്ടുനില്‍ക്കുന്ന ഭക്ഷ്യമേളയുടെ ഭാഗമായി തലസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും മാളുകളിലും പ്രത്യേക പ്രൊമോഷന്‍ പരിപാടികളും അരങ്ങേറും. 2009ല്‍ ആരംഭിച്ച അബുദാബി ഭക്ഷ്യ മേളക്ക് ഓരോ വര്‍ഷവും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടൂറിസം ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ദാഹിരി വ്യക്തമാക്കി. കൂടുതല്‍ ആളുകളിലേക്ക് ഫുഡ് ഫെസ്റ്റിവലിന്റെ സന്ദേശം എത്തിക്കാനാണ് ശ്രമിച്ചുവരുന്നത്.
ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാനും സ്വദേശി അതിഥി സത്ക്കാരത്തിന്റെ ഊഷ്മളത വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് എത്തിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇമാറാത്തി കിച്ചണ്‍ എന്ന പേരില്‍ മേളയോടനുബന്ധിച്ച് അഞ്ചു മുതല്‍ ഏഴു വരെ രാജ്യത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കും. ഭക്ഷ്യമേളയിലൂടെ സ്വദേശികള്‍ക്കിടയിലെ അടുപ്പവും സഹകരണവും കൂടുതല്‍ ദൃഢമാക്കാനും ലക്ഷ്യമിടുന്നുണ്ട്. ഭക്ഷ്യമേളയുടെ വിളംബരമെന്ന നിലയില്‍ അല്‍ ഐന്‍, അല്‍ ഗര്‍ബിയ, തുടങ്ങിയ പ്രദേശങ്ങളില്‍ തെരുവ് സദ്യയും സംഘടിപ്പിക്കും. ഫെബ്രുവരി 12 മുതല്‍ 14 വരെയും 19 മുതല്‍ 21 വരെയുമാവും ഇത്. തെരുവ് സദ്യയുടെ ഭാഗമായി വിവിധ ദേശത്തിന്റെ വിഭവങ്ങള്‍ കിച്ചണ്‍ കാരവനുകളുടെ സഹായത്തോടെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കും. റോഡുകളില്‍ നിന്നാണ് കാരവനുകള്‍ ആവശ്യക്കാര്‍ക്കായി ഓര്‍ഡര്‍ പ്രകാരം ഭക്ഷണം വിതരണം ചെയ്യുക. എല്ലാവര്‍ക്കും താങ്ങാവുന്ന വിലയാവും ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

Latest