ജില്ലാ ആശുപത്രി: പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു

Posted on: November 7, 2014 10:23 am | Last updated: November 7, 2014 at 10:23 am

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയായി ഉയര്‍ത്തപ്പെട്ട പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയില്‍ നിര്‍മിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പെരിന്തല്‍മണ്ണ നിയോജകമണ്ഡലം എം എല്‍ എയും സംസ്ഥാന നഗരകാര്യ ന്യൂനപക്ഷ ക്ഷേമ മന്ത്രി എം അലിയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 5.5 കോടി രൂപ ചെലവിലാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്. നിര്‍മാണം നടക്കുന്ന സൈറ്റ് ക്ലിയര്‍ ചെയ്തതിന് ശേഷം ഫൗണ്ടേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ബെഡ് കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ നടന്നു വരികയാണ്.
രണ്ട് നിലകളിലായാണ് കെട്ടിട നിര്‍മാണം നടക്കുന്നത്. നിലവില്‍ ആയിരക്കണക്കിന് രോഗികള്‍ ചികിത്സക്കെത്തുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതക്ക് വലിയ പരിഹാരമാകും. കൂടുതല്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനും പ്രസവ ചികിത്സക്കും കുട്ടികളുടെ ചികിത്സക്കുമായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിനും സാധിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് മന്ത്രി എം അലി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.