പൂനൂര്‍ പുഴയോരമിടിയുന്നു; കൃഷി ഭീഷണിയില്‍

Posted on: November 7, 2014 9:59 am | Last updated: November 7, 2014 at 9:59 am

കൊടുവള്ളി: വ്യാപകമായ മണല്‍വാരല്‍ മൂലം പൂനൂര്‍ പുഴയുടെ ഓരങ്ങള്‍ ഇടിഞ്ഞുതീരുന്നു. വാവാട് മുതല്‍ കൊട്ടക്കാവയല്‍ അണ്ണാരുകണ്ടം പള്ളിക്കടവ് വരെയുള്ള കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട പുഴയോരപ്പറമ്പുകളാണ് ഇടിയുന്നത്. വെണ്ണക്കാട് മുതല്‍ വാവാട് വരെയുള്ള കൊടുവള്ളി പഞ്ചായത്തിന്റെ ഭാഗത്ത് പലയിടത്തും റിവര്‍മാനേജ്‌മെന്റ് ഫണ്ടും മറ്റും ഉപയോഗിച്ച് പുഴയോരപ്പറമ്പുകള്‍ കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കുന്നുണ്ട്. അതേസമയം കിഴക്കോത്ത് പഞ്ചായത്ത് ഭാഗത്ത് അതിനുള്ള ശ്രമങ്ങളൊന്നും നടക്കാത്തതാണ് പുഴയോരമിടിയാനും കൃഷി നാശത്തിനും കാരണമാകുന്നത്. വെണ്ണക്കാട് മുതല്‍ താഴെ കാരന്തൂര്‍, ചെലവൂര്‍ വരെയുള്ള കുന്ദമംഗലം പഞ്ചായത്ത് ഭാഗങ്ങളിലും കോര്‍പറേഷന്‍, കുരുവട്ടൂര്‍, കക്കോടി പഞ്ചായത്ത് ഭാഗങ്ങളില്‍ പലയിടങ്ങളിലും ഇടിയല്‍ ഭീഷണിയിലാണ്. കൊടുവള്ളി പാലത്തിന് സമീപം പൂളക്കമണ്ണില്‍ പറമ്പാണ് വ്യാപകമായി ഇടിയുന്നത്. പുഴയിലെ ശക്തമായ വെള്ളപ്പാച്ചിലിലാണ് കര ഇടിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ പൂളക്കമണ്ണില്‍ യശോദാമ്മയുടെ പറമ്പ് ഇടിഞ്ഞ് മഞ്ഞള്‍ കൃഷി നശിച്ചു.