പാലാഴി ടയേഴ്‌സ് അഴിമതി: പുനരന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ നിയമനടപടിക്ക്

Posted on: November 7, 2014 6:50 am | Last updated: November 6, 2014 at 11:53 pm

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണത്തിന്റെ മുള്‍മുനയിലായ മന്ത്രി കെ എം മാണിക്കെതിരെ പാലാഴി ടയേഴ്‌സ് വിവാദം, എതിരാളികള്‍ ആയുധമാക്കുന്നു.
കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം മാണി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനാണ് നിക്ഷേപകര്‍ ആലോചിക്കുന്നത്. ടയര്‍ ഫാക്ടറിയുടെ പേരില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വന്‍ തുക ഓഹരിയായി പിരിച്ചെടുത്ത ശേഷം കമ്പനി പ്രവര്‍ത്തനം തുടങ്ങാതെ പണം ദുര്‍വിനിയോഗം ചെയ്‌തെന്നാണ് ഫാക്ടറി ചെയര്‍മാന്‍ കെ എം മാണി അടക്കമുള്ള ഭരണസമിതിക്കെതിരായ പരാതി.
പാലാ കീഴതടിയൂര്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് ജോര്‍ജ് സി കാപ്പന്‍ പരാതിയുമായി രംഗത്തെത്തിയതോടെ സംഭവം വിവാദമാകുകയും വിജിലന്‍സ് അന്വേഷണത്തിന് അന്നത്തെ സര്‍ക്കാര്‍ ഉത്തരവിടുകയുമായിരുന്നു.
കേസ് അന്വേഷിച്ച വിജിലന്‍സ് സംഘം കെ എം മാണി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി സര്‍ക്കാറിന് റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍, പുതിയ സാഹചര്യത്തില്‍ പാലാഴി സജീവ ചര്‍ച്ചയാക്കി മാണിക്കെതിരെ ആയുധമാക്കാനാണ് കോട്ടയത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
അതേസമയം, പരാതിക്കാരനായ ജോര്‍ജ് സി കാപ്പന്റെ നിയമപോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. ബേങ്കില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ തിരികെ ലഭിച്ചിട്ടില്ലെന്ന് ഇദേഹം പറഞ്ഞു. ഭരണത്തില്‍ ഇരിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ വെറും പ്രഹസനമാകുമെന്നും ജോര്‍ജ് സി കാപ്പന്‍ ചൂണ്ടിക്കാട്ടുന്നു.
റബര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാലായിലെ വലവൂരില്‍ പാലാഴി ടയര്‍ കമ്പനി സ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കി 1995-96ല്‍ കാലഘട്ടത്തില്‍ നൂറ് കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചിരുന്നു. എന്നാല്‍ മറ്റൊരു വന്‍ കമ്പനിയുടെ സമ്മര്‍ദത്തിന് വഴങ്ങി പാലാഴി ടയേഴ്‌സ് സ്ഥാപിക്കുന്നതില്‍ വീഴ്ചവരുത്തിയതുമൂലം നഷ്ടമുണ്ടായെന്നാണ് പരാതിക്കാരന്റെ ആരോപണം. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് 50 ലക്ഷം രൂപയും സഹകരണ ബേങ്കുകളില്‍ നിന്ന് 30 ലക്ഷം രൂപ വരെയും അടക്കം അഞ്ച് കോടിയോളം രൂപ ഓഹരിയും നിക്ഷേപവുമായി പിരിച്ചെടുത്തു. വന്‍തോതില്‍ വിദേശനിക്ഷേപവും സ്വീകരിച്ചു. എന്നാല്‍ ഓഹരി ഉടമകളുടെ യോഗം യഥാസമയം ചേരുകയോ, ലാഭവിഹിതം നല്‍കാന്‍ തയ്യാറാകുകയോ ചെയ്തില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
സഹകരണ സംഘത്തിന്റെ കീഴില്‍ ടയര്‍ ഫാക്ടറി രൂപവത്കരിച്ചതില്‍ കെ എം മാണി അഴിമതി നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് എസ് പി ദേവസ്യയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ സര്‍ക്കാരിന് സാമ്പത്തികബാധ്യത ഉണ്ടായിട്ടുമില്ല. ടയര്‍ കമ്പനിക്ക് വായ്പ നല്‍കിയതില്‍ സംസ്ഥാന സഹകരണ ബേങ്കിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടുണ്ട്. കെ എം മാണിയായിരുന്നു ഫാക്ടറി ചെയര്‍മാന്‍. മുന്‍ എം എല്‍ എ ജോയി എബ്രഹാം, കെ ജി ഫിലിപ്പ്, സംസ്ഥാന സഹകരണ ബേങ്ക് മുന്‍ പ്രസിഡന്റ് കെ ആര്‍ അരവിന്ദാക്ഷന്‍, കെ ജെ ജെയിംസ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
സംസ്ഥാന സഹകരണ ബേങ്ക് 3.93 കോടിയാണ് പാലാഴി ടയേഴ്‌സിന് വായ്പ അനുവദിച്ചത്. എന്നാല്‍ 32.77 ലക്ഷം രൂപ മാത്രമാണ് പിന്‍വലിച്ചത്. ഇതില്‍ നിന്ന് ചെറിയ ഒരു വിഹിതമേ ചെലവഴിച്ചുള്ളൂ.
സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപ വിശദമായ പദ്ധതിരേഖ നല്‍കാത്തതിനാല്‍ ഉപയോഗിക്കാനായില്ല. തുടര്‍ന്ന് 78.55 ലക്ഷം രൂപ ഓഹരി വിഹിതമായി സമാഹരിക്കുകയായിരുന്നു. ഫാക്ടറിക്കായി 30.16 ഏക്കര്‍ സ്ഥലവും സമ്പാദിച്ചു. പല കാരണങ്ങളാലും ഫാക്ടറിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനായില്ല. ഫാക്ടറിക്കായി 7.52 ഏക്കര്‍ സ്ഥലം വലവൂരില്‍ വാങ്ങിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പുമൂലം കമ്പിനിയു ടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലുമായി.