രാജ്യ പുരോഗതിക്ക് റിപ്പബ്ലിക്കന്‍ പിന്തുണ തേടി ഒബാമ

Posted on: November 7, 2014 5:18 am | Last updated: November 6, 2014 at 10:20 pm

obamaവാഷിംഗ്ടണ്‍: ജനപ്രതിനിധി സഭയിലും സെനറ്റിലും ഒരു പോലെ തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ഐക്യ ആഹ്വാനവുമായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്തിന്റെ പുരോഗതിക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കക്ക് വെറുതെയിരിക്കാന്‍ സമയമില്ല. ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിന് വേഗത്തിലുള്ള സമവായം അനിവാര്യമാണ്. എബോളക്കെതിരെയും ഇറാഖിലെയും സിറിയയിലെയും ഇസില്‍ ഭീഷണിക്കെതിരെയും പ്രവര്‍ത്തിക്കാന്‍ റിപ്പബ്ലിക്കന്‍ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങള്‍ വരുന്നത് ഡെമോക്രാറ്റുകളില്‍ നിന്നാണോ റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ നിന്നാണോ എന്ന് നോക്കിയല്ല അത് സ്വീകരിക്കുന്നത്. മറിച്ച് അത് അമേരിക്കന്‍ ജനതക്ക് ഗുണകരമാണോ എന്ന് നോക്കിയാണ്- ഒബാമ ട്വീറ്റ് ചെയ്തു.
സെനറ്റ് നേതാവും റിപ്പബ്ലിക്കനുമായ മിച്ച് മക്കോണല്‍ സഹകരണ വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ജനുവരിയില്‍ പുതിയ കോണ്‍ഗ്രസ് നിലവില്‍ വരുമ്പോള്‍, ഇരു സഭകളിലും ഒബാമക്ക് ഭൂരിപക്ഷമില്ലാത്തത് പ്രശ്‌നമാകുമെന്ന് ഉറപ്പാണ്. നികുതി പരിഷ്‌കരണം, വ്യാപാര കരാറുകള്‍ തുടങ്ങിയവയില്‍ യോജിച്ച് നീങ്ങുമെന്നും ബോധപൂര്‍വം ഏറ്റുമുട്ടലുകള്‍ ഉണ്ടാകില്ലെന്നും മക്കോണല്‍ പറഞ്ഞു.
എന്നാല്‍, ഡെമോക്രാറ്റുകളെ പരോക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മുതിര്‍ന്നു. പഴത് പോലെയാകില്ല, പ്രവര്‍ത്തിക്കുന്ന സെനറ്റായിരിക്കും ഇനിയുണ്ടാകുകയെന്നായിരുന്നു അദ്ദേഹത്തിന്റെ ഒളിയമ്പ്. ഇറാഖ്, സിറിയ ദൗത്യങ്ങള്‍ അടക്കമുള്ളവക്ക് പണം പാസ്സാക്കിയെടുക്കാന്‍ ഒബാമക്ക് പാടുപെടേണ്ടി വരുമെന്ന സൂചനയാണ് മക്കോണല്‍ നല്‍കിയത്. പൊതു തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയാണ് ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി നേരിട്ടത്. അധോസഭയായ ജനപ്രതിനിധി സഭയില്‍ വിജയം ആവര്‍ത്തിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപരി സഭയായ സെനറ്റിലും ഭൂരിപക്ഷം നേടി. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍മാരുടെ ഇപ്പോഴത്തെ അംഗ സംഖ്യ 244 ആണ്. ഡെമോക്രാറ്റുകള്‍ക്ക് ഇവിടെ 177ഉം. സെനറ്റില്‍ 52 സീറ്റ് നേടിയാണ് റിപ്പബ്ലിക്കന്‍മാര്‍ ആധിപത്യം ഉറപ്പിച്ചത്. ഇവിടെ 45 ആണ് ഡെമോക്രാറ്റിക് സംഖ്യ. ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍മാര്‍ 31 ഇടത്തും ഡെമോക്രാറ്റുകള്‍ 17 ഇടത്തും വിജയിച്ചു.
വോട്ടര്‍മാര്‍ നല്‍കിയ സന്ദേശം താന്‍ മനസ്സിലാക്കുന്നുവെന്നും പ്രസിഡന്റെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ ഭംഗിയായി നിര്‍വഹിക്കുമെന്നും ഒബാമ പറഞ്ഞു. ആറ് വര്‍ഷം മുമ്പത്തെ പ്രതിസന്ധിക്ക് ശേഷം രാജ്യം ഏറെ പുരോഗതി കൈവരിച്ചു. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കൂടുതല്‍ പേര്‍ക്ക് ഇന്‍ഷ്വറന്‍സ് ഉണ്ട്. നിര്‍മാണ മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടായി. കമ്മി കുറച്ച് കൊണ്ടു വരാന്‍ സാധിച്ചു. വിദേശ എണ്ണയെ ആശ്രയിക്കുന്ന സ്ഥിതിയില്‍ വലിയ മാറ്റം വന്നുവെന്നും ഒബാമ അവകാശപ്പെട്ടു.