Connect with us

International

ലിബിയന്‍ പാര്‍ലിമെന്റ് പിരിച്ചുവിടണമെന്ന് സുപ്രീം കോടതി ഉത്തരവ്

Published

|

Last Updated

ട്രിപ്പോളി: യു എന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ ലിബിയന്‍ സുപ്രീം കോടതി വിധിച്ചു. തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ശക്തമായ ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് കിഴക്കന്‍ നഗരമായ തബ്‌റൂക്കിലേക്ക് മാറ്റിയ ഈ പാര്‍ലിമെന്റിന് പുറമേ ട്രിപ്പോളിയില്‍ മറ്റൊരു പാര്‍ലിമെന്റ് കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അബ്ദുല്ലാ അല്‍ തിന്നിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിലേക്ക് നയിച്ച തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് കാണിച്ച് ഒരു എം പി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ വിധി.
ജൂണ്‍ 25ന് നടന്ന തിരഞ്ഞെടുപ്പ് അസാധുവാകുന്നതോടെ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. മിക്ക നഗരങ്ങളും സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിന്ന് പുറത്താണ്. ട്രിപ്പോളിയില്‍ തീവ്രവാദികളുടെ നിയന്ത്രണത്തില്‍ സമാന്തര പാര്‍ലിമെന്റ് പ്രവര്‍ത്തിക്കുന്നുമുണ്ട്. എണ്ണ സമ്പന്നമായ ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫി സ്ഥാനഭ്രഷ്ടനായി കൊല്ലപ്പെട്ട ശേഷം അരാജകത്വം ശക്തമായിരിക്കുകയാണ്. വിവിധ സായുധ സംഘങ്ങള്‍ രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ വിഭജിച്ചിരിക്കുകയാണ്.