National
ദളങ്ങള്‍ ഒരുമിക്കുന്നു

ന്യൂഡല്‍ഹി: ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും ബി ജെ പി വിജയക്കുതിപ്പ് തുടരുകയും കോണ്‍ഗ്രസിന് പിടിവള്ളി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒന്നിച്ചു നില്‍ക്കാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ തീരുമാനം. രണ്ടാം ബദല്‍ ശക്തിയായി വളരാനാകുമെന്ന പ്രതീക്ഷയിലാണ് ജനതാ പാര്‍ട്ടികള്‍ ഐക്യത്തിന് സാധ്യത തേടുന്നത്. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി ജെ പിക്ക് ബദലായി രണ്ടാം ശക്തിയായി വളരാനുള്ള പ്രാദേശിക പാര്‍ട്ടികളുടെ പദ്ധതിയുടെ ഭാഗമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വ്യാഴാഴ്ച സമാനമനസ്‌കരായ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ക്ക് ഉച്ചവിരുന്ന് നല്‍കി. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് പുതിയ നീക്കം.
ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവ്, ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍, മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച് ഡി ദേവെഗൗഡ എന്നിവര്‍ വിരുന്നില്‍ സംബന്ധിച്ചു. മുലായം സിംഗ് യാദവിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു വിരുന്ന്. ബി ജെ പിക്കും കോണ്‍ഗ്രസിനുമെതിരെ മൂന്നാം ബദലിനുള്ള ശ്രമത്തില്‍ കൂടെ നിന്നിരുന്ന ഇടതു പാര്‍ട്ടികളെ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ തഴഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം മുന്നണിക്ക് സി പി എമ്മിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
“ജനതാ പരിവാര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ച”തായി വിരുന്നിന് ശേഷം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. തങ്ങള്‍ പാര്‍ലിമെന്റില്‍ പൊതുവായ നിലപാടെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. “യോഗത്തില്‍ ഐക്യപ്പെടാനുള്ള വികാരം തീഷ്ണമായിരുന്നുവെന്നും അതുകൊണ്ടു തന്നെ ഭാവിയില്‍ തങ്ങള്‍ക്ക് ഒറ്റക്കെട്ടായി നില്‍ക്കാനാകു”മെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനാകുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് നേതാക്കളുടെ പ്രതികരണങ്ങള്‍. ഇത് മൂന്നാം മുന്നണി രൂപവത്കരണത്തിനുള്ള ശ്രമമല്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. പ്രാദേശിക പാര്‍ട്ടികളുടെ ഐക്യനിരയുണ്ടാക്കി ഒറ്റക്കെട്ടായി നിലകൊള്ളുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തിലേക്ക് ഇടത് കക്ഷിനേതാക്കളെ ക്ഷണിച്ചില്ലെങ്കിലും അവരുടെ സഹകരണം തേടുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ലോക്‌സഭയില്‍ എസ് പിക്ക് അഞ്ചും ആര്‍ ജെ ഡിക്ക് നാലും ജെ ഡി യുവിനും ജെ ഡി എസിനും രണ്ട് വീതം അംഗങ്ങളുമാണുള്ളത്.