അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന വിമര്‍ശം ഉള്‍ക്കൊള്ളണം: പന്ന്യന്‍

Posted on: November 6, 2014 11:45 pm | Last updated: November 6, 2014 at 11:45 pm

pannyan raveendranതിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിനെതിരെ എല്‍ ഡി എഫ് നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളാണെന്ന ആക്ഷേപം ഉള്‍ക്കൊള്ളണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.
സമീപകാലത്തായി എല്‍ ഡി എഫിന്റെ സമരങ്ങള്‍ ക്ലച്ച് പിടിക്കുന്നില്ലെന്ന ചര്‍ച്ച ജനങ്ങള്‍ക്കിടയില്‍ സജീവമാണ്. എല്‍ ഡി എഫില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസത്തിന് പോറലേറ്റിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഇത്തരമൊരു അഭിപ്രായമുടലെടുക്കുന്നത് നിര്‍ഭാഗ്യകരമാണ്. അതില്‍ നിന്ന് നാം മാറാന്‍ തയ്യാറാകുകയും ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യുകയെന്നത് പ്രധാനഘടകമാണെന്നും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കെ എം മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ യോജിച്ച പ്രക്ഷോഭം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകിയത് വീഴ്ചയാണ്.
ജനങ്ങള്‍ക്കിടയിലുണ്ടായ ഉത്കണ്ഠ കണക്കിലെടുത്താണ് അടിയന്തരമായി എല്‍ ഡി എഫ് യോഗം വിളിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഉടന്‍ യോഗം ചേരാന്‍ അസൗകര്യമുണ്ടെന്നും പത്തിന് യോഗം നിശ്ചയിച്ചതായും കണ്‍വീനര്‍ വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച് തീരുമാനിച്ചത്. യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ കാര്യം മാധ്യമങ്ങളെ അറിയിച്ചതിനെ പിണറായി വിമര്‍ശിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, കത്ത് നല്‍കിയ കാര്യം മാധ്യമങ്ങളറിഞ്ഞതില്‍ പുതുമയില്ല. ഇതില്‍ രഹസ്യത്തിന്റെ കാര്യമില്ലെന്നായിരുന്നു മറുപടി.