അടുത്ത വര്‍ഷം മുതല്‍ നാലും അഞ്ചും നക്ഷത്ര ഹോട്ടലുകള്‍ക്കായി ശീഷ പരിമിതപ്പെടുത്തും

Posted on: November 6, 2014 8:00 pm | Last updated: November 6, 2014 at 8:36 pm

ദുബൈ: ശീഷക്കടകള്‍ക്കെതിരായി കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ നാലും അഞ്ചും നക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്കായി ശീഷ സൗകര്യം പരിമിതപ്പെടുത്തുമെന്ന് ദുബൈ നഗരസഭ വ്യക്തമാക്കി. തുറന്ന സ്ഥലത്ത് ശീഷ വലിക്കാന്‍ സൗകര്യം ചെയ്യുന്നതിനും ഇത്തരം ഹോട്ടലുകള്‍ക്ക് മാത്രമായിരിക്കും നഗരസഭ അനുമതി നല്‍കുക. ജനുവരി ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം മുതലാവും പിഴ ചുമത്തുക. യു എ ഇ ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുകവലി നിയന്ത്രണത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് നഗരസഭ പൊതുജനാരോഗ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ മര്‍വാന്‍ അല്‍ മുഹമ്മദ് വ്യക്തമാക്കി.
ജനുവരി ഒന്നു മുതല്‍ മൂന്നു നക്ഷത്ര പദവിയുള്ളത് ഉള്‍പ്പെടെയുള്ള ഹോട്ടലുകള്‍ക്ക് ശീഷ വലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കില്ല. ആരെങ്കിലും നിയമലംഘനത്തിന് തുനിഞ്ഞാല്‍ കനത്ത പിഴയാവും നേരിടേണ്ടി വരിക. ഹോട്ടലുകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് സമയപരിധി നല്‍കിയിട്ടുണ്ട്. ആ സമയം അവസാനിച്ചാലാണ് നടപടി സ്വീകരിക്കുക. ഇത് അടുത്ത മാസം 31 വരെയാണ്. അതിന് ശേഷം നാലും അഞ്ചും നക്ഷത്ര പദവിയില്‍ കുറഞ്ഞ ഹോട്ടലുകള്‍ തുറന്ന സ്ഥലത്ത് ശീഷ വലിക്കാന്‍ സൗകര്യം നല്‍കാന്‍ പാടില്ല. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും അകത്ത് ശീഷ അനുവദിക്കില്ല. കെട്ടിടത്തിന് പുറത്തായാലും കെട്ടിടത്തിന്റെ മട്ടുപ്പാവിലായാലും നിയമം ബാധകമായിരിക്കും. അടഞ്ഞു കിടക്കുന്ന സ്ഥലത്തും ശീഷ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നഗരസഭ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗു(ഡി ടി സി എം)മായി ചര്‍ച്ച നടത്തിയിട്ടുണ്ട. ഡി ടി സി എം ദുബൈയിലെ എല്ലാ ഹോട്ടലുകള്‍ക്കും ഈ സന്ദേശം കൈമാറിയിട്ടുണ്ട്. ആരെങ്കിലും നിയമലംഘനത്തിന് മുതിര്‍ന്നാല്‍ പിഴക്കൊപ്പം ആ സ്ഥാപനം നഗരസഭ അടച്ചുപൂട്ടുമെന്നും അല്‍ മുഹമ്മദ് മുന്നറിയിപ്പ് നല്‍കി.
നിയമലംഘനങ്ങളുടെ പേരില്‍ ശീഷ കടകള്‍ അടച്ചുപൂട്ടാന്‍ ദുബൈ നഗരസഭയുടെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ശുപാര്‍ശ ചെയ്തിരുന്നു. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന 400 ല്‍ അധികം ശീഷ കടകളില്‍ 30 ശതമാനവും പുകവലിക്കെതിരായ ഫെഡറല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണന്നും ഇത്തരം നിലപാട് സ്ഥാപന ഉടമകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അടച്ചുപൂട്ടണമെന്നുമാണ് ദുബൈ സാമ്പത്തിക വികസന വകുപ്പിനോട് നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അബുദാബിയിലും കര്‍ശനമായ നടപടിയാണ് ശീഷ കടകള്‍ക്കെതിരെ അധികൃതര്‍ സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദൂര പരിധി നിശ്ചയിച്ചതായും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.