സ്വര്‍ണത്തിന് വിലയിടിവ്; 40 ശതമാനം വരെ വ്യാപാര വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്

Posted on: November 6, 2014 8:00 pm | Last updated: November 6, 2014 at 8:31 pm

ദുബൈ: ഈയാഴ്ചയില്‍ സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയ കുറവ് വന്‍തോതില്‍ വ്യാപാര വര്‍ധനവിന് കാരണമായതായി റിപ്പോര്‍ട്ട്. സ്വര്‍ണ വ്യാപാര മേഖലയില്‍ പൊതുവെ മുന്‍പില്ലാത്ത ഉണര്‍വിനും വിലക്കുറവ് കാരണമായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
20 മുതല്‍ 40 ശതമാനം വരെ ഈയാഴ്ച വ്യാപാരത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 22 കാരറ്റ് സ്വര്‍ണമാണ് വില്‍പനയില്‍ മുന്നിട്ട് നിന്നതെന്നും കണക്കുകള്‍ പറയുന്നു. 2010നു ശേഷം സ്വര്‍ണ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിലക്കുറവ് രേഖപ്പെടുത്തിയത് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ്.
മുന്‍ ആഴ്ചയെ അപേക്ഷിച്ച് 24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 7.25 ദിര്‍ഹം കുറഞ്ഞ് 141.5 ദിര്‍ഹമാണ് ഈയാഴ്ച വിപണനം നടന്നത്. 22 കാരറ്റിന് 6.75 കുറഞ്ഞ് 134.25 ദിര്‍ഹമുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്കാണിതെന്ന് കണക്കുകള്‍ പറയുന്നു.
ആഗോള സാമ്പത്തിക രംഗത്ത് അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിച്ചതാണ് സ്വര്‍ണത്തിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തന്നെ വിലയിടിവിന് കാരണമായതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം, നിലവില്‍ പ്രകടമായ വിലക്കുറവ് അധികനാള്‍ നിലനില്‍ക്കാനിടയില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ അറിയിപ്പാണ് ഉപഭോക്താക്കളെ സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളിലേക്ക് തള്ളിക്കയറാനും അതുവഴി വ്യാപാരത്തിന്റെ തോത് 40 ശതമാനംവരെ കൂടാനും കാരണമായതെന്നും വ്യാപാരികള്‍ വിലയിരുത്തുന്നു.
സ്വദേശികള്‍ക്കു പുറമെ വിനോദസഞ്ചാരികളും മറ്റു വിദേശികളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മത്സരിക്കുകയായിരുന്നെന്ന് കടയുടമകള്‍ വ്യക്തമാക്കി.