പാക്കണയിലും ന്യൂഹോപ്പിലും കാട്ടാനകള്‍ ഭീതിപരത്തുന്നു

Posted on: November 6, 2014 11:23 am | Last updated: November 6, 2014 at 11:23 am

elephentഗൂഡല്ലൂര്‍: നെല്ലാക്കോട്ട ഗ്രാമപഞ്ചായത്തിലെ പാക്കണയിലും ഓവാലി പഞ്ചായത്തിലെ ന്യുഹോപ്പില്‍ കാട്ടാനകള്‍ ഭീതിപരത്തുന്നു. പാക്കണയില്‍ ഒറ്റയാനാണ് പരഭ്രാന്തി പരത്തുന്നത്.
പാക്കണ സ്വദേശികളായ പുളിക്കല്‍ അലവി, അപ്പാട്ടില്‍ മുഹമ്മദ് എന്നിവരുടെ തെങ്ങ്, കവുക് തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു. വീടിന് സമീപത്തെ തെങ്ങുകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തെങ്ങ് റോഡിലേക്ക് മറിച്ചിട്ടതിനാല്‍ പാക്കണ-കാപ്പിറാട്ട പാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇത്കാരണം പാക്കണയില്‍ നിന്ന് രാവിലെ ആറ് മണിക്ക് ഗൂഡല്ലൂരിലേക്ക് പുറപ്പെടേണ്ട തമിഴ്‌നാട് സര്‍ക്കാര്‍ ബസ് വളരെ വൈകിയാണ് സര്‍വീസ് നടത്തിയത്. നാട്ടുകാര്‍ തെങ്ങ് മുറിച്ച് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. നേരം പുലരുന്നത് വരെ ഒറ്റയാന്‍ അവിടെ കഴിച്ചുകൂട്ടി. പിന്നീട് നാട്ടുകാര്‍ സംഘടിച്ച് ആനയെ വനത്തിനുള്ളിലേക്ക് തുരത്തിയോടിക്കുകയായിരുന്നു. ആന പാക്കണയില്‍ തമ്പടിച്ചതോടെ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളും തോട്ടംതൊഴിലാളികളും പ്രതിസന്ധിയിലായി. പലരും ഭീതികാരണം പുറത്തിറങ്ങിയില്ല.
താപ്പാനകളെ ഉപയോഗിച്ച് ആനയെ വനത്തിനുള്ളിലേക്ക് തുരത്തിയോടിക്കുന്നതിന് വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഓവാലി പഞ്ചായത്തിലെ ന്യുഹോപ്പില്‍ 14 ആനകളടങ്ങിയ കൂട്ടമാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. കുട്ടികളുമായാണ് കാട്ടാനകള്‍ ഇവിടെ ചുറ്റിത്തിരിയുന്നത്. ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി വന്‍നാശമാണ് വരുത്തുന്നത്. ആനകള്‍ തമ്പടിച്ചതോടെ ജനം പുറത്തിറങ്ങാന്‍ ഭയക്കുകയാണിപ്പോള്‍. സ്ത്രീകള്‍ ജോലിക്ക് പോകാന്‍ ഭയക്കുകയാണ്. ഭയംകാരണം കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നില്ല. കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്തിയോടിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ ദിവസം ബാര്‍വുഡിലെ ഹെല്‍ത്ത് സെന്റര്‍ കാട്ടാനക്കൂട്ടം തകര്‍ത്തിരുന്നു.