മലയാളിയില്‍ നിന്ന് പണം തട്ടിയ ആഫ്രിക്കക്കാരന്റെ ജാമ്യാപേക്ഷ തള്ളി

Posted on: November 6, 2014 9:54 am | Last updated: November 6, 2014 at 9:54 am

മഞ്ചേരി: എസ് എം എസിലൂടെ വന്‍ തുക വാഗ്ദാനം ചെയ്ത് മലയാളിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആഫ്രിക്കകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
ഐവറി കോസ്റ്റ് സബാലി റോളണ്ടി(32)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ദുബൈയിയില്‍ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി അലിയാണ് തട്ടിപ്പിനിരയായത്. അമേരിക്കയിലെ ഒരു കോടീശ്വരന്‍ മരിച്ചുവെന്നും അദ്ദേഹത്തിന്റെ കണക്കറ്റ സ്വത്തുക്കള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അതിന് സഹായിക്കുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം കമ്മീഷനായി നല്‍കാമെന്നുമായിരുന്നു എസ് എം എസ് സന്ദേശം. 2014 ആഗസ്റ്റ് മൂന്നിന് നാട്ടിലെത്തിയ അലി പ്രതിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഒന്നേകാല്‍ ബില്യണ്‍ ഡോളര്‍ അടങ്ങിയ മൂന്ന് പെട്ടികള്‍ ഉടന്‍ അയക്കുമെന്നും ഇതിലെ ആദ്യപെട്ടി ഡല്‍ഹിയിലെത്തി കൈപ്പറ്റണമെന്നും സന്ദേശം ലഭിച്ചു.
ചെലവിലേക്ക് അഞ്ചുലക്ഷം രൂപ നല്‍കണമെന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2014 സെപ്തംബര്‍ 28ന് ഡല്‍ഹിയിലെത്തിയ അലിക്ക് പ്രതി ഡോളര്‍ നിറച്ച ഇരുമ്പു പെട്ടി നല്‍കി.
ഇതില്‍ നിന്നും നൂറിന്റെ രണ്ട് ഡോളറുകള്‍ പുറത്തെടുത്ത ഇരുവരും മണി എക്‌ചേഞ്ചില്‍ പോയി ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റി. ഇതോടെ വിശ്വാസം വന്ന അലി അഞ്ചു ലക്ഷം രൂപ നല്‍കി പെട്ടിയുമായി നാട്ടിലേക്ക് വരികയായിരുന്നു. മറ്റു രണ്ടു പെട്ടികള്‍ കൈമാറുമ്പോള്‍ 60 ലക്ഷം രൂപ നല്‍കണമെന്നും അപ്പോള്‍ പെട്ടികള്‍ തുറക്കാനുള്ള കോഡ് നല്‍കുമെന്നും അലിയെ പ്രതി ഫോണില്‍ വിളിച്ചറിയിച്ചു. പണമുണ്ടാക്കാനായി അലി വീടും സ്ഥലം വില്‍ക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ട ഭാര്യ വിവരം സഹോദരനെ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് അലി സംഭവം പുറത്ത് പറയുന്നത്. സംശയം തോന്നിയ ഭാര്യാ സഹോദരന്‍ പെട്ടി പൊളിച്ചു നോക്കിയപ്പോള്‍ നോട്ടുരൂപത്തില്‍ വെട്ടിയെടുത്ത് അട്ടിയാക്കിയ കടലാസുകളാണ് കണ്ടത്. തട്ടിപ്പു മനസ്സിലായ അലി താന്‍ വിദേശത്തേക്ക് പോകുകയാണെന്നും 30 ലക്ഷം രൂപ തന്റെ ഭാര്യാ സഹോദരനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഇത് കൈപ്പറ്റുന്നതിന് മലപ്പുറത്തെത്തണമെന്നും പ്രതിയെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറത്തെത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.