Connect with us

Kozhikode

ബഹിഷ്‌കരണത്തിനിടെ സി എം ഗോപാലന്‍ ചുമതലയേറ്റു

Published

|

Last Updated

കൊടുവള്ളി: മണ്ഡലം ഭാരവാഹികളുടെയും നേതാക്കളുടെയും ബഹിഷ്‌കരണത്തിനിടെ സി എം ഗോപാലന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റു. ജനറല്‍ ബോഡിയോഗത്തില്‍ 18 മണ്ഡലം കമ്മിറ്റിയംഗങ്ങളും 20 ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരും യൂത്ത് കോണ്‍ഗ്രസ്, ഐ എന്‍ ടി യു സി, പ്രവാസി കോണ്‍ഗ്രസ്, കെ എസ് യു ഭാരവാഹികളും വിട്ടുനിന്നതായാണ് വിവരം. സി വി അബ്ദുര്‍റസാഖിനെ മാറ്റി പകരം സി എം ഗോപാലനെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
പുതിയ മണ്ഡലം പ്രസിഡന്റുമാരെ ഒരാഴ്ച മുമ്പ് നേതൃത്വം പ്രഖ്യാപിച്ചപ്പോള്‍ കൊടുവള്ളിയെ ഒഴിച്ചിടുകയും പിന്നീട് പ്രഖ്യാപിക്കുകയുമായിരുന്നു. പുനഃസംഘടന വഴി ഗ്രൂപ്പ് താത്പര്യങ്ങളുടെ പേരില്‍ ചിലരെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നേരത്തെ തന്നെ അമര്‍ഷമുയര്‍ന്നിരുന്നു. കെ പി സി സി നേതൃത്വത്തിന ്പരാതി നല്‍കുകയും ചെയ്തിരുന്നു.
കൊടുവള്ളിയില്‍ എ ഗ്രൂപ്പ് തന്നെ രണ്ട് വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പലപ്പോഴും പാര്‍ട്ടി പരിപാടികളില്‍ പ്രതിഫലിക്കാറുണ്ട്. ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടുക വരെ ചെയ്തിരുന്നു. മണ്ഡലം പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസ് ഓഫീസിലെ ഫര്‍ണിച്ചറുകള്‍ ഒരു വിഭാഗം കടത്തിക്കൊണ്ട്‌പോയതായി പരാതിയുയര്‍ന്നിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പരിപാടികളിലൊന്നും പങ്കെടുക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പലെ ഒരു വിഭാഗവും “ഐ” വിഭാഗവും തീരുമാനിച്ചിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ നടന്ന ജനറല്‍ ബോഡിയോഗം ബഹിഷ്‌കരിച്ചത്.
അതിനിടെ കോണ്‍ഗ്രസ് ഓഫീസിലെ ഫര്‍ണിച്ചറുകളും ടി വിയും ബള്‍ബുകളും കടത്തിക്കൊണ്ട് പോയതായ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സി എം ഗോപാലന്‍ സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഓഫീസിന്റെ പ്രവര്‍ത്തനമേറ്റെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ് നല്‍കിയിരിക്കുകയാണെന്നും മണ്ഡലം പ്രസിഡന്റായിരുന്ന സി പി അബ്ദുര്‍ റസാഖ് പറഞ്ഞു.

Latest