ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാവികന് മാനസിക അസ്വാസ്ഥ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Posted on: November 6, 2014 5:21 am | Last updated: November 5, 2014 at 11:22 pm

കൊച്ചി: മാനസിക രോഗം ആരോപിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാവികന് മാനസിക അസ്വാസ്ഥ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂവെന്നും കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി നിര്‍ദേശപ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗത്തിലെ ഡോ. ബി ശിവശങ്കരന്‍ നായര്‍, ഡോ. ടി എസ് ജയസൂര്യ, ഡോ. അഞ്ജനാമണി എന്നിവരടങ്ങുന്ന സമിതിയാണ് നാവികന്‍ സുനില്‍ കുമാരസ് സാഹുവിന്റെ മാനസിക നില വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഡീഷനല്‍ ഡി ജി പി ടോം ജോസ് പടിഞ്ഞാറെക്കര കോടതിക്ക് കൈമാറി. നാവികസേനയിലെ അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നതായി നാവികന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നാവികനെ യാതൊരു തരത്തിലും മാനസിക ചികിത്സയുടെ പേരില്‍ പീഡിപ്പിച്ചിട്ടില്ലെന്നും നാവികസേനയുടെ സാധാരണ നടപടിക്രമത്തിന്റെ ഭാഗമായാണ് കൊച്ചിയിലെ ഐ എന്‍ എസ് സഞ്ജീവിനിയിലേക്ക് പരിശോധക്ക് അയച്ചതെന്നും നാവികസേനക്കു വേണ്ടി ഹാജരായ ആനന്ദ് കോടതിയില്‍ ബോധിപ്പിച്ചു.
നാവികസേനയുടെ അച്ചടക്കം നിലനിര്‍ത്താന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും വര്‍ഷത്തില്‍ ഒരിക്കല്‍ ഇത്തരം പരിശോധന നടത്തുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. സംഭവത്തെ മാധ്യമങ്ങളാണ് പര്‍വതീകരിച്ചതെന്നും അഭിഭാഷക ആരോപിച്ചു.
അതേസമയം നാവികന്‍ കുറ്റവാളിയല്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അവസാനമായി പരാതി നല്‍കിയ ഒക്‌ടോബര്‍ 20ന് ശേഷമാണ് ചികിത്സക്കായി ഇയാളെ കൊച്ചിയിലേക്ക് അയച്ചതെന്നും ജസ്റ്റിസുമാരായ വി കെ മോഹനനും കെ ഹരിലാലും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. നാവികന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന കാര്യമാണ് കോടതി പരിശോധിക്കുന്നതെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് തന്റെ ഭര്‍ത്താവിനെ മാനസികരോഗിയായി മുദ്രകുത്തി പീഡിപ്പിക്കുന്നതെന്ന് പരാതിപ്പെട്ട് ഭാര്യ ആര്‍ത്തി സാഹുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.