കുളിമുറിയില്‍ നിന്ന് തത്സമയം

Posted on: November 6, 2014 5:38 am | Last updated: November 5, 2014 at 10:39 pm

എടീ, നിന്നോടെത്രയായി പറയുന്നു ഒര് ബക്കറ്റ് വെള്ളം തരാന്‍. വേഗം വേണം, തലയില്‍ വെള്ളമൊഴിക്കാതെ എത്രയായി കാത്തിരിക്കുന്നു
കുളിമുറിയില്‍ കയറി നിങ്ങളിങ്ങനെ തൊണ്ട തുറക്കേണ്ട, ഇത് നിയമസഭയൊന്നുമല്ല. കഴിഞ്ഞയാഴ്ച തീരുമാനിച്ചത് നിങ്ങള്‍ മറന്നോ.
ഏയ്, അതെങ്ങനെ. തീരുമാനിച്ചത് എനിക്ക് നല്ല നിശ്ചയമുണ്ട്. കുളിക്കാന്‍ രണ്ടേ രണ്ട് ബക്കറ്റ് വെള്ളം മാത്രം. പാന്റ്‌സ് രണ്ട് ദിവസം ഇടണം. കൈ കഴുകല്‍ അധികം വേണ്ട. നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കും.
ശരിയാണ്, വെള്ളക്കരം കൂടി, വൈദ്യുതി ചാര്‍ജ് കൂടി. അപ്പോള്‍ നമ്മുടെ ഏകോപന സമിതി കൂടി ചില നിയന്ത്രണങ്ങള്‍ ഉണ്ടാക്കി. പിള്ളേരും നമ്മളും ഒരു രാത്രി ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണിത്, ചെലവ് ചുരുക്കല്‍.
അതൊക്കെ ശരി തന്നെ. ഞാനിങ്ങനെ തലയില്‍ വെള്ളമൊഴിക്കാതെ ഇരിക്കണമെന്നാണോ നീ പറയുന്നത്? കഴിഞ്ഞ മാസം കുളിച്ച ആവേശത്തില്‍ വെള്ളമിത്തിരി കൂടി. ചാനലുകാരെങ്ങാന്‍ അറിഞ്ഞാല്‍ അവരിങ്ങെത്തും. പിന്നെ ലൈവായിരിക്കും. വീട്ടുടമ കുളിമുറിയില്‍ കുടുങ്ങിയേ എന്നാവും ബ്രേക്കിങ്ങ് ന്യൂസ്…
അവരിപ്പം പിള്ളാരുടെ കിസ് മത്സരത്തിന്റെ പിന്നാലെയാ… തീരുമാനിച്ചത് മറക്കല്ലേ. രണ്ടേ രണ്ട് ബക്കറ്റ് വെള്ളം ഉപയോഗിച്ച് കുളിക്കണമെന്നല്ലേ. ഇത് മാറ്റാന്‍ പറ്റുമോ? നിങ്ങളെന്താ ഒരുമാതിരി മന്ത്രിമാരെ പോലെ സംസാരിക്കുന്നത്. കൂട്ടുത്തരവാദിത്വം വേണ്ടേ മനുഷ്യാ…
നീ പറ, ഞാനും നീയും കൂടി ഇപ്പോള്‍ ഒര് അവയ്‌ലബിള്‍ ഉപസമിതി ചേര്‍ന്നാല്‍ ഇതിനൊരു പരിഹാരം കണ്ടൂടേ…
സാറേ, കറന്റുണ്ടായിട്ടും ഞാനിന്നലെ ഇമ്മാതിരി തുണിയൊക്കെ കൈ കൊണ്ടാ അലക്കിയത്. ദാ, നോക്ക് രണ്ട് കൈയും നീര് വന്നിരിക്കുന്നു. ഹും…ഇയാളുടെ ഒര് അവയ്‌ലബിള്‍!
അതൊക്കെ ശരി തന്നെ. നീ ആ പൈപ്പൊന്ന് തുറക്ക്, കുളിച്ച് വന്ന് നമ്മുക്ക് എല്ലാ കാര്യങ്ങളും സംസാരിക്കാം. ഒന്ന് കൂള്‍ ബാറാകൂ…
തീരുമാനങ്ങള്‍ ഇനിയുമുണ്ട്. ആഴ്ച തോറും ആന്റിബയോട്ടിക്ക്, അല്ല, കോഴി വറുത്തത് തിന്ന് നടന്ന കാലം പോയി. മാസത്തിലൊരിക്കലേ ഇനി ഫ്രൈ ഡേ ഉള്ളൂ, ബാക്കി ആഴ്ചകളില്‍ ഡ്രൈ ഡേയാണേ…മൊബൈലില്‍ കാര്‍ഡ് കയറ്റുന്നതിലുമുണ്ട് നിയന്ത്രണം. നടന്നുപോകാന്‍ പറ്റുന്നിടത്ത് നടന്ന് മാത്രം പോയാല്‍ മതി.
കോഴേടെ കാര്യമുള്ളപ്പോഴാ, അവളുടെ ഒര് കോഴീടെ കാര്യം! ഒരു ബക്കറ്റ് വെള്ളം ഇങ്ങ് താ. ഞാനൊന്ന് നന്നായി കുളിക്കട്ടെ.
വെള്ളക്കാര്യം അവിടെ നില്‍ക്കട്ടെ. ഒര് സംശയം ചോദിച്ചോട്ടേ…ഖജനാവില്‍ ചില്ലിക്കാശില്ലെന്നല്ലേ പറയുന്നത്. ആ സ്ഥിതിക്ക് മാണി ഒരു കോടി വാങ്ങിയെന്ന് പറയുന്നതില്‍ തെറ്റുണ്ടോ ചേട്ടാ? മണി കണ്ടാല്‍ മാണിയും വീഴില്ലേന്ന്…
നീ പറഞ്ഞത് ശരിയാ. പക്ഷേ, ആ അച്യുതാനന്ദനും വിജയനുമെന്തിനാ ഇങ്ങനെ വാക്കേറ്റം നടത്തുന്നത്? അതാ എനിക്ക് മനസ്സിലാകാത്തത്. !
മാനം പോയാലെന്താ മാണിയെ കിട്ടിയാല്‍ സര്‍ക്കാറുണ്ടാക്കാമല്ലോ എന്നായിരിക്കും വിജയന്റെ മനസ്സിലിരിപ്പ് !
തലയില്‍ ആള്‍ താമസമുള്ള ആരെങ്കിലും ഇപ്പോള്‍ സര്‍ക്കാറുണ്ടാക്കുമോ? സര്‍ക്കാര്‍ മൂക്കറ്റം കടത്തിലാ. ഇതൊക്കെയായിട്ടും ചീഫ് സെക്രട്ടറിയും സംഘവും കോടി മുടക്കി വിദേശ യാത്രക്ക് പോകുന്നുണ്ടല്ലോ. അതുപോലെ ഇന്ന് മാത്രം ഒരു ബക്കറ്റ് വെള്ളം കൂടി തന്നേക്ക്. നാളെ മുതല്‍ നമുക്ക് വീണ്ടും ചെലവ് ചുരുക്കാം. കേരള സര്‍ക്കാറിനെ പോലെ!. ഗൗരവാനന്ദന്‍ പറഞ്ഞു.