ബുര്‍കിനാ ഫാസോ: സൈന്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ആഫ്രിക്കന്‍ നേതാക്കളെത്തി

Posted on: November 6, 2014 5:09 am | Last updated: November 5, 2014 at 10:11 pm

african unionഔഗാദൗഗു : ജനകീയ ഭരണാധികാരിക്ക് അധികാരം കൈമാറുന്നത് വേഗത്തിലാക്കാന്‍ സൈന്യത്തില്‍ സമ്മര്‍ദം ചെലുത്താനായി ഘാന, നൈജീരിയ, സെനഗല്‍ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ ബുര്‍ക്കിന ഫാസോയിലെത്തി. പ്രസിഡന്റ് ബ്ലയിസ് കോംപോര്‍ രാജിവെക്കാന്‍ നിര്‍ബന്ധിതമായതിനെത്തുടര്‍ന്ന് സൈന്യം അധികാരമേറ്റെടുത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ആഫ്രിക്കന്‍ യൂനിയന്‍ പറഞ്ഞു. അധികാരം കൈമാറാനായി ആഫ്രിക്കന്‍ യൂനിയന്‍ സൈന്യത്തിന് രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് സൈനിക തലവന്‍ ലഫ്. കേണല്‍ ഐസക് സിദ അംഗീകരിച്ചിട്ടുണ്ട്. 27 വര്‍ഷത്തെ ഭരണത്തിന് ശേഷം വന്‍ പ്രതിഷേധത്തെത്തുടര്‍ന്നാണ് കോംപോര്‍ രാജിവെച്ചത്. പ്രതിഷേധക്കാര്‍ പാര്‍ലിമെന്റ് കെട്ടിടത്തിന് തീയിടുകയും ചെയ്തിരുന്നു. ബുര്‍ക്കിനോ ഫാസോയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പശ്ചിമാഫ്രിക്കന്‍ മേഖലാ ഘടകത്തിന്റെ പ്രതിനിധികളായാണ് പ്രസിഡന്റുമാര്‍ ബുര്‍ക്കിനോ ഫാസ സന്ദര്‍ശിക്കുന്നതെന്ന് നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്‌ലക്ക് ജൊനാതന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അധികാര കൈമാറ്റം ത്വരിതപ്പെടുത്താന്‍ മൂന്ന് രാജ്യത്തേയും പ്രസിഡന്റുമാര്‍ സൈനിക നേതൃത്വവുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തും. രണ്ടാഴ്ചക്കുള്ളില്‍ അധികാരം കൈമാറിയില്ലെങ്കില്‍ ബുര്‍ക്കിനോ ഫാസക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന് ആഫ്രിക്കന്‍ യൂനിയന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.