സ്‌കാഫ്‌ഫോള്‍ഡ് തകരാറിലായി കുടുങ്ങിയയാളെ സെക്യൂരിറ്റി മീഡിയയുടെ ഡ്രോണ്‍ രക്ഷപ്പെടുത്തി

Posted on: November 5, 2014 5:26 pm | Last updated: November 5, 2014 at 5:26 pm

02അബുദാബി: ബഹുനില കെട്ടിടം വൃത്തിയാക്കുന്നതിനിടെ സ്‌കാഫ് ഫോള്‍ഡിലുണ്ടായ യന്ത്രത്തകരാര്‍ കാരണം കുടുങ്ങിയ യുവാവിനെ സെക്യൂരിറ്റി മീഡിയയുടെ ഡ്രോണ്‍ രക്ഷപ്പെടുത്തി. നഗരത്തിലെ ശൈഖ് റാശിദ് ബിന്‍ സഈദ് റോഡിലെ ബഹുനില കെട്ടിടത്തിലെ 10-ാം നിലയിലെ പുറം ചില്ലുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്‌കാഫ് ഫോള്‍ഡ് പ്രവര്‍ത്തനരഹിതമായത്.
വിവരമറിഞ്ഞ് സിവില്‍ ഡിഫന്‍സ്, പോലീസ് പട്രോളിംഗ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്ത് കുതിച്ചെത്തി. സെക്യൂരിറ്റി മീഡിയയുടെ ഡ്രോണും സംഘത്തിനൊപ്പമുണ്ടായിരുന്നു. പരിസരത്തുള്ളവരെ ഒഴിപ്പിച്ച സംയുക്ത സംഘം, ഡ്രോണിന്റെ സഹായത്തോടെ സ്‌കാഫ് ഫോള്‍ഡിന്റെ യന്ത്രത്തകരാര്‍ കൃത്യമായി കണ്ടുപിടിച്ചു.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളുള്ള ഡ്രോണ്‍ ചിത്രങ്ങളിലൂടെയും ശബ്ദസന്ദേശങ്ങളിലൂടെയും സാങ്കേതികത്തകരാര്‍ പരിഹരിക്കാനുള്ള നിര്‍ദേശവും നല്‍കി. സുരക്ഷിതമായി താഴെയിറക്കിയ തൊഴിലാളിയെ അടിയന്തിര വൈദ്യപരിശോധനക്ക് വിധേയമാക്കിയ പോലീസ്, ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു.