പത്തു മാസത്തിനിടയില്‍ വാഹനം കയറി മരിച്ചത് 59 പേര്‍

Posted on: November 5, 2014 5:22 pm | Last updated: November 5, 2014 at 5:22 pm

റാസല്‍ ഖൈമ: ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള 10 മാസങ്ങള്‍ക്കിടയില്‍ റാസല്‍ ഖൈമയില്‍ വാഹനം കയറി 59 പേര്‍ മരിച്ചതായി റാസല്‍ ഖൈമ പോലീസ് വ്യക്തമാക്കി. റാസല്‍ ഖൈമയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റതും വാഹനം ഇടിച്ചാണ്. മരിച്ചവരില്‍ 18 രാജ്യക്കാരുണ്ടെങ്കിലും ബഹുഭൂരിഭാഗവും ഏഷ്യന്‍ വംശജരാണ്. ഇത്തരം അപകടങ്ങളില്‍ മൊത്തം 34 പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയായിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളിലാണ് കൂടുതല്‍ മരണവും പരുക്കേല്‍ക്കലും സംഭവിച്ചിരിക്കുന്നത്. ഈ കാലയളവില്‍ 27 പേര്‍ക്ക് സാരമായി പരുക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. മൂന്നു പേര്‍ക്ക് നിസാര പരുക്കുമേറ്റു.
വിവിധ കാരണങ്ങളാലാണ് വാഹനം കയറിയുള്ള മരണങ്ങള്‍ സംഭവിച്ചത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചു കടക്കുക, റോഡില്‍ നിശ്ചയിച്ച വേഗ പരിധി ലംഘിക്കുക, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയ കാരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
ആളുകള്‍ വാഹനം കയറി മരിച്ചതില്‍ എമിറേറ്റിലെ അപകടങ്ങള്‍ക്ക് കുപ്രസിദ്ധമായ പ്രദേശങ്ങളായ അല്‍ ഗാസിദാത്ത് മേഖല, അല്‍ മുംതസിര്‍ റോഡ് എന്നിവ ഉള്‍പ്പെടും. ഈ റോഡുകളില്‍ ജുല്‍ഫാര്‍ ദിശയിലാണ് അപകടങ്ങളില്‍ മരണം സംഭവിച്ചത്. ഇവിടങ്ങളില്‍ അപകടം സംഭവിക്കുന്നത് ഇല്ലാതാക്കാന്‍ റാസല്‍ ഖൈമ പൊതുമരാമത്ത് വിഭാഗവുമായും റാസല്‍ ഖൈമ നഗരസഭയുമായി സഹകരിച്ച് റോഡിന്റെ ഘടന പരിഷ്‌ക്കരിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഹൈവേകളിലും ഉള്‍നാടന്‍ റോഡുകളിലും അപകടം കുറക്കാന്‍ കൂടുതല്‍ ട്രാഫിക് പട്രോള്‍ വിഭാഗത്തെ വിന്നസിക്കും. കൂടുതല്‍ ക്യാമറകള്‍ ഇത്തരം മേഖലകളില്‍ സ്ഥാപിക്കും. ഇതോടൊപ്പം ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് നീക്കാവുന്ന ക്യാമറകളുടെ സേവനവും ഉപയോഗപ്പെടുത്തും.
അല്‍ മുംതസീര്‍ റോഡില്‍ അടുത്തിടെയാണ് റോഡ് മുറിച്ചു കടക്കവേ ഏഷ്യക്കാരന് ഗുരുതരമായി പരുക്കേറ്റത്. അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തില്‍ അകപ്പെടാന്‍ ഇടയാക്കിയത്. പൊതുജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഉത്സാഹിച്ചാല്‍ അപകടം കുറക്കാന്‍ സാധിക്കും. ഇതൊടൊപ്പം റോഡ് മുറിച്ചു കടക്കാന്‍, അനുവദനീയമായ സീബ്ര ക്രോസിംഗുകളിലും മേല്‍പാലങ്ങളിലും മാത്രം മുതിരാവൂവെന്നും പോലീസ് ഉപദേശിച്ചു. വാഹനം ഓടിക്കുന്നവര്‍ കനത്ത ജാഗ്രത പുലര്‍ത്തണം. ഓരോ റോഡിലും അനുവദനീയമായ വേഗത്തില്‍ മാത്രമേ വാഹനം ഓടിക്കാവൂ.
കാല്‍നടക്കാര്‍ വാഹനത്തിന് അടിയില്‍പെട്ട് മരിക്കുന്നതിന് പ്രധാന കാരണം അമിത വേഗവും മത്സരയോട്ടവും അപകടകരമാം വിധമുള്ള ഡ്രൈവിംഗുമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.