ബാര്‍ കോഴ: വി എസിനെ തള്ളി സി പി എം

Posted on: November 5, 2014 1:02 pm | Last updated: November 6, 2014 at 10:43 am

vs and pinarayiതിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ നിലപാട് പാടെ തള്ളിയ സി പി എം, ബാര്‍ കോഴ ആരോപണത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന നിലപാട് പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അന്വേഷണമെന്ന സി പി ഐയുടെ ആവശ്യവും സി പി എം നിരാകരിച്ചു. സോഷ്യലിസ്റ്റ് ജനതയെയും ആര്‍ എസ് പിയെയും മുന്നണിയുമായി അടുപ്പിക്കണമെന്ന വി എസിന്റെ നിര്‍ദേശവും തള്ളി. കോടതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന പോലീസിലെ തന്നെ മികച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം ആരോപണം അന്വേഷിക്കണമെന്നാണ് സി പി എം നിലപാട്. പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, സി ബി ഐ അന്വേഷണം വേണ്ടെന്ന സെക്രട്ടേറിയറ്റ് തീരുമാനത്തില്‍ വി എസ് അച്യുതാനന്ദന്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ഇക്കാര്യം ഉന്നയിച്ച് വി എസ് ഉടന്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കും. ജുഡീഷ്യല്‍ അന്വേഷണമെന്ന തങ്ങളുടെ ആവശ്യം നിരാകരിച്ചതില്‍ സി പി ഐക്കും കടുത്ത പ്രതിഷേധമുണ്ട്.
ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ ഇടതു മുന്നണിയില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കെയാണ് ഇന്നലെ അടിയന്തരമായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിച്ചത്. സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളുടെ അഭിപ്രായങ്ങളെ വെല്ലുവിളിച്ച് സി ബി ഐ അന്വേഷണം വേണമെന്ന നിലപാടെടുത്ത വി എസിനെതിരെ സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു. പാര്‍ട്ടി നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും വിധം അഴിമതിയുമായി സന്ധി ചെയ്യുന്നുവെന്ന് തോന്നിപ്പിക്കുന്ന ഇടപെടലാണ് വി എസ് നടത്തിയതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടി നിലാപാട് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടും ഓരോ ദിവസവും വാര്‍ത്താക്കുറിപ്പ് ഇറക്കിയത് ശരിയായില്ലെന്ന വികാരമാണ് യോഗത്തിലുണ്ടായത്. സോഷ്യലിസ്റ്റ് ജനതയെയും ആര്‍ എസ് പിയെയും അസമയത്ത് മുന്നണിയിലേക്ക് ക്ഷണിച്ചത് ശരിയായ നടപടിയല്ല. അവര്‍ വലിയ ശക്തരാണെന്ന പ്രതീതിയുണ്ടാക്കാന്‍ മാത്രമേ ഇത് സഹായിക്കൂവെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. എന്നാല്‍, കേസില്‍ സി ബി ഐ അന്വേഷണം നടത്തണമെന്ന ആവശ്യം വി എസ് ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി ഇത് മുഖവിലക്കെടുത്തില്ല.
കോഴ ആരോപണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്ന് പിണറായി വിശദീകരിച്ചു. കഴിഞ്ഞകാലങ്ങളില്‍ യാതൊരുവിധ ആക്ഷേപങ്ങള്‍ക്കും വിധേയരാകാത്തവരും പ്രാപ്തരായവരുമായ ഉന്നത ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകണം. അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെങ്കില്‍ കോടതിയുടെ മേല്‍നോട്ടവുമുണ്ടാകണം. അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാറിനല്ല, കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്. കേസില്‍ മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേരിട്ട് കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിന്, ആവശ്യമെങ്കില്‍ സമീപിക്കുമെന്നായിരുന്നു പിണറായിയുടെ മറുപടി. സി ബി ഐ അന്വേഷിക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. സി ബി ഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സി ബി ഐ ആയാലും വിജിലന്‍സ് ആയാലും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കിരയായി കേസ് അട്ടിമറിക്കപ്പെടുമെന്നതാണ് അനുഭവമെന്നാണ് സി പി എം ഉന്നയിക്കുന്ന വാദം.
ജുഡീഷ്യല്‍ അന്വേഷണമെന്ന സി പി ഐയുടെ ആവശ്യവും സി പി എം തള്ളി. ജുഡീഷ്യല്‍ അന്വേഷണം പ്രായോഗികമല്ലെന്നും സിറ്റിംഗ് ജഡ്ജിയെ ലഭിക്കാത്ത സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം അനന്തമായി നീണ്ടുപോകുകയായിരിക്കും ചെയ്യുകയെന്നും പാര്‍ട്ടി വിശദീകരിക്കുന്നു. അതേസമയം, ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സി പി ഐ തീരുമാനം.
എല്‍ ഡി എഫ് യോഗത്തില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കും. കത്ത് നല്‍കിയിട്ടും യോഗത്തിന്റെ തീയതി പോലും തീരുമാനിക്കാത്തതിലും പാര്‍ട്ടിക്ക് കടുത്ത പ്രതിഷേധമുണ്ട്. അതേസമയം, കത്ത് നല്‍കിയാലും ഇല്ലെങ്കിലും യോഗം വിളിക്കുമെന്നാണ് ഇതേക്കുറിച്ച് പിണറായി വിജയന്‍ പ്രതികരിച്ചത്.