Connect with us

Wayanad

ഫയര്‍ സര്‍വീസ് അസോസിയേഷന്‍ ഉത്തരമേഖലാ സമ്മേളനം മാനന്തവാടിയില്‍

Published

|

Last Updated

മാനന്തവാടി: കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ 33ാമത് ഉത്തരമേഖലാ സമ്മേളനം നവംബര്‍ എട്ടിന് ശനിയാഴ്ച മാനന്തവാടി സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. നാല് ജില്ലകളില്‍ നിന്നുള്ള സേനാംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ എം ഐ ഷാനവാസ് എം പി, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, എം വി ശ്രേയാംസ്‌കുമാര്‍ മറ്റ് ജനപ്രതിനിധികള്‍, വകുപ്പുമേധാവികള്‍ സംഘടനാനേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. കേരള അഗ്നിശമന രക്ഷാസേനയിലെ അടിസ്ഥാനവിഭാഗങ്ങളായ ഫയര്‍മാന്‍, ഫയര്‍മാന്‍ ഡ്രൈവര്‍ കം ഓപ്പറേറ്റര്‍, ലീഡിംഗ് ഫയര്‍മാന്‍, ഡ്രൈവര്‍ മെക്കാനിക് എന്നീ വിഭാഗങ്ങളുടെ ഏക അംഗീകൃത പൊതുസംഘടനയാണ് കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും തീ അപകടങ്ങളില്‍ നിന്നും മറ്റ് അത്യാഹിതങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് അഗ്നിശമനസേന രൂപവത്കരിച്ചത്.
മൂന്നരക്കോടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ജീവന്‍ പണയം വെച്ചും ജോലി ചെയ്യുന്ന അഗ്നിശമനസേനയുടെ അംഗബലം കുറവാണ്. വലിയ പരാദീനതയുണ്ടെങ്കിലും യു ഡി എഫിന്റെ ഈ ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുന്‍കൈയെടുത്ത് വളരെ കുറഞ്ഞ കാലം കൊണ്ട് അഗ്നിശമന സേനക്ക് ചെയ്ത് നല്‍കിയ നേട്ടങ്ങള്‍ ഒട്ടനവധിയാണ്. ട്രെയിനിംഗ് പിരീഡ് സര്‍വീസാക്കല്‍, സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് പരിരക്ഷ, അടിസ്ഥാനയോഗ്യത പ്ലസ്ടുവാക്കല്‍, സെന്‍ട്രല്‍ പൊലീസ് കാന്റീന്‍ സൗകര്യം, കോമ്പന്‍സേറ്ററി ലീവ്.
സേനയുടെ ആധുനീകവത്ക്കരണം സേനാംഗങ്ങള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് ആവശ്യമായ പേഴ്‌സണ്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ്, ആറ് സ്റ്റേഷനുകള്‍ക്ക് ട്രഷറി സാങ്ഷന്‍, പുതിയതായി 393 തസ്തികള്‍ സര്‍വ്വീസില്‍ നിന്ന് മരണമടയുന്നവര്‍ക്ക് സെറിമോണിയല്‍ പരേഡ്, പുതിയ ഫയര്‍‌സ്റ്റേഷന്‍ എന്നിവ യു ഡി എഫ് ഭരണകാലത്ത് അനുവദിച്ചുനല്‍കിയതാണ്. 8.30ന് മേഖലാ പ്രസിഡന്റ് ടി വി ബേബി പതാക ഉയര്‍ത്തും. തുടര്‍ന്ന് രക്തസാക്ഷി അനുസ്മരണവും പൊതുയോഗവും നടക്കും. ഫയര്‍ സര്‍വീസ് ഉത്തരമേഖലാ പ്രസിഡന്റ് അധ്യക്ഷനായിരിക്കും. എസ് കെ ബെറിന്‍ കുടുംബസഹായ ഫണ്ട് എം ഐ ഷാനവാസ് എം പി കുടുംബത്തിന് കൈമാറും. രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും അവാര്‍ഡ് ജേതാക്കളെ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ ആദരിക്കും. സേനാംഗങ്ങളുടെ മക്കള്‍ക്കുള്ള എസ് എസ് എല്‍ സി അവാര്‍ഡ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു, പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ് തുടങ്ങിയവര്‍ സംസാരിക്കും.

Latest