ഐ എസ് എല്ലില്‍ പഞ്ചാബ് തിളങ്ങുന്നു

Posted on: November 5, 2014 1:13 am | Last updated: November 5, 2014 at 1:13 am

lionsofpunjabമുംബൈ: ഇന്ത്യന്‍ ഹോക്കിക്ക് പ്രതിഭാധനരെ സമ്മാനിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ജെ സി ടി ഫഗ്‌വാര മില്‍സ് കത്തി നിന്ന നാളുകളില്‍ ഫുട്‌ബോളിലേക്കും മികച്ചവരെ സംഭാവന ചെയ്തു. ഡിഫന്‍ഡറായ ജെര്‍നെയ്ല്‍ സിംഗ്, ഗുരുദേവ് സിംഗ് ഗില്‍, ഇന്ദര്‍ സിംഗ്, ഗുരുചരണ്‍ സിംഗ് പാര്‍മര്‍, ഹരീന്ദര്‍ സിംഗ്, പര്‍മീന്ദര്‍ സിംഗ്, സുഖ്‌വീന്ദര്‍ സിംഗ് ഇങ്ങനെ നീളുന്നു പഞ്ചാബി നിര. ജെ സി ടി ഫുട്‌ബോള്‍ ക്ലബ്ബ് ടോപ് ഡിവിഷനില്‍ നിന്ന് ടീമിനെ പിന്‍വലിച്ചതോടെ ഇന്ത്യക്ക് പഞ്ചാബ് സിംഹങ്ങളെ നഷ്ടമാകാന്‍ തുടങ്ങി.
ഗോവ, കൊല്‍ക്കത്ത, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സംഘമായി ഇന്ത്യന്‍ ഫുട്‌ബോള്‍ മാറി. എന്നാല്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുരോഗമിക്കുമ്പോള്‍ പഞ്ചാബിന്റെ തിരിച്ചുവരവാണ് തെളിഞ്ഞുവരുന്നത്.
വിവിധ ഫ്രാഞ്ചൈസികളിലായി പഞ്ചാബ് താരങ്ങള്‍ മികവറിയിക്കുകയാണ്. ഐ എസ് എല്ലിലെ ആദ്യ ഇന്ത്യന്‍ സ്‌കോറര്‍ പഞ്ചാബിയാണ്. ചെന്നൈയിന്‍ എഫ് സിയുടെ ബല്‍വന്ദ് സിംഗ്.
എഫ് സി ഗോവക്കെതിരെയായിരുന്നു ബല്‍വന്ദ് പ്രഥമ ഐ പി എല്ലിലെ ആദ്യ ഇന്ത്യന്‍ സ്‌കോറര്‍ എന്ന ബഹുമതിക്കര്‍ഹനായത്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കായി സ്‌കോര്‍ ചെയ്ത ബല്‍ജിത് സാഹ്നിയും പഞ്ചാബിന്റെ കരുത്തനാണ്. ക്ഷീണമില്ലാതെ കളം നിറഞ്ഞു കളിക്കുന്ന ബല്‍വന്ദും ബല്‍ജിത്തും ഇന്ത്യയുടെ പ്രതീക്ഷകളാണ്. ചെന്നൈയിന്‍ എഫ് സിയുടെ മധ്യനിരയിലെ ഹര്‍മന്‍ജോത് ഖാബ്ര, കൊല്‍ക്കത്തയുടെ രാകേഷ് മാസിയ എന്നിവരും പഞ്ചാബില്‍ നിന്നുള്ളവര്‍. ചെന്നൈയുടെ കോച്ച് മാര്‍കോ മെറ്റരാസിയുടെ തന്ത്രങ്ങളില്‍ ഹര്‍മന്‍ജോതിന് വ്യക്തമായ പങ്കുണ്ട്.
കൊല്‍ക്കത്ത കോച്ച് ലോപസിന്റെ ഇഷ്ടതാരമാണ് രാകേഷ് മാസിയ. ഡല്‍ഹി ഡൈനാമോസിന്റെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ അന്‍വര്‍ അലിയാണ് മറ്റൊരു പഞ്ചാബ് താരം. ഇന്ത്യക്കായി 31 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് അന്‍വര്‍.
ഡല്‍ഹിയുടെ ഫസ്റ്റ് ലൈനപ്പിലെ സ്ഥിരം സാന്നിധ്യമാണ് അന്‍വര്‍. ഡിഫന്‍സില്‍ ബെല്‍ജിയം താരം വിം റെമേക്കേഴ്‌സിനൊപ്പം അന്‍വര്‍ മികവ് പ്രകടിപ്പിക്കുന്നു. നാല് മത്സരങ്ങളില്‍ ആകെ രണ്ട് ഗോളാണ് ഡല്‍ഹി വഴങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലും പഞ്ചാബ് കരുത്ത് കാണാം. സെന്റര്‍ ബാക്ക് ഗുര്‍വീന്ദര്‍ സിംഗ്. കേരള ടീമിലെ ലെഫ്റ്റ് ബാക്ക് സന്ദേശ് ജിംഗാനും പഞ്ചാബ് സ്വദേശിയാണ്.
ബൈച്ചുംഗ് ബൂട്ടിയ ഐ എസ് എല്ലിലെ താരമാകുമെന്ന് തുടക്കത്തിലേ ചൂണ്ടിക്കാട്ടിയത് സന്ദേശ് ജിംഗാനെയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിന്റെ പ്രശംസ പിടിച്ചു പറ്റാനും ജിംഗാന് സാധിച്ചു.