ബെംഗളൂരുവില്‍ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

Posted on: November 5, 2014 12:43 am | Last updated: November 5, 2014 at 12:43 am

rapeബെംഗളൂരു: ബെംഗളൂരുവില്‍ ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും കണ്‍മുന്നില്‍ വെച്ച് കവര്‍ച്ചാ സംഘം 25കാരിയെ കൂട്ടബലാത്സംഗം ചെയ്തു. വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഭര്‍ത്താവിന്റെയും മാതാവിന്റെയും കൈകള്‍ കെട്ടി ഭീഷണിപ്പെടുത്തിയാണ് നാലംഗ സംഘം കൊടുംക്രൂരത ചെയ്തത്. 21 വയസ്സുള്ളവരാണ് നാലംഗ സംഘത്തിലെ എല്ലാവരും.
പ്രതികള്‍ ബെംഗളൂരു സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു. ലഹരി മരുന്നുകളുടെ അനധികൃത വില്‍പ്പന അന്വേഷിക്കാനെത്തിയ പോലീസുകാരെന്ന് പറഞ്ഞ് അര്‍ധരാത്രിയോടെയാണ് ഇവര്‍ വീട്ടിലെത്തിയത്. വാതില്‍ തുറന്നയുടനെ ഭര്‍ത്താവിനെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കെട്ടിയിടുകയായിരുന്നു. അലമാര കുത്തിത്തുറന്ന് പണവും ആഭരണവും കവര്‍ന്ന ശേഷം ഭര്‍ത്താവിനെയും മാതാവിനെയും ഒരു കട്ടിലില്‍ ചേര്‍ത്ത് കെട്ടിയിട്ട ശേഷം യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പോലീസില്‍ അറിയിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. വാതില്‍ പുറത്തു നിന്ന് പൂട്ടിയാണ് സംഘം പോയത്. നാല് പേരെയും ചിക്കബല്ലാപൂരില്‍ വെച്ച് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ സ്ഥിരം കവര്‍ച്ചാ സംഘങ്ങളാണെന്നും സംഘത്തിലെ ഒരാള്‍ ഈയടുത്ത് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണെന്നും പോലീസ് അറിയിച്ചു.