കലാകായിക അധ്യാപക നിയമനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു

Posted on: November 5, 2014 6:00 am | Last updated: November 5, 2014 at 12:29 am

പാലക്കാട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കലാകായിക അധ്യാപകരുടെ നിയമനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ആയിക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ജോലിക്കായി കാത്തിരിപ്പ് തുടരുമ്പോഴാണ് ഇംഗഌഷ്, ഹിന്ദി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നവരെ കലാകായിക അധ്യാപകരായി നിയമിക്കാനുള്ള തീരുമാനം.
സംസ്ഥാനത്ത് 4450 കലാകായിക, പ്രവൃത്തി പരിചയ അധ്യാപകരുടെ ഒഴിവുകളാണുള്ളത്. ഇരുപതിനായിരത്തോളം പേര്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് യാതൊരു യോഗ്യതയുമില്ലാത്ത ഇതര വിഷയങ്ങളുടെ അധ്യാപകരെ നിയമിക്കണമെന്ന് ഉത്തരവിറക്കിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ മലപ്പുറം ജില്ലയില്‍ ഹെല്‍ത്ത് ആന്‍ഡ് എജ്യൂക്കേഷന്‍ വിഭാഗത്തില്‍ 16 അധ്യാപകര്‍ക്ക് ജില്ലയിലെ തന്നെ മറ്റു സ്‌കൂളുകളില്‍ അധിക ചുമതല നല്‍കി.
ഹിന്ദി, അറബിക് വിഷയങ്ങളെടുക്കുന്ന അധ്യാപകര്‍ക്ക് കൂടി കായിക അധ്യാപകരുടെ ജോലി നല്‍കിക്കഴിഞ്ഞു. പ്രവൃത്തി പരിചയ പരിശീലനത്തിനും 43 അധ്യാപകര്‍ക്ക് അധിക ചുമതല നല്‍കിയിട്ടുണ്ട്. ഇതര വിഷയങ്ങളില്‍ ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ തന്നെ ഇനിമുതല്‍ കലാകായിക അധ്യാപകരാകണമെന്നതാണ് ഇത് സംബന്ധിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നത്. ഇതിനായി അധ്യാപകര്‍ക്ക് കേവലം 15 ദിവസത്തെ പരിശീലനം നല്‍കാനാണ് തീരുമാനം. പുതിയ വിദ്യാഭ്യാസ നിയമപ്രകാരം ഓരോ സ്‌കൂളിലും നിലവിലുള്ള കലാകായികാധ്യാപകരെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ മാറ്റിക്കൊണ്ടിരിക്കുന്ന നടപടിയും അണിയറയില്‍ നടക്കുന്നുണ്ട്. കലാകായിക അധ്യാപകരുടെ നിയമനത്തെ ഇത് ബാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിലെ ഉന്നതാധികാരികളുടെ വിശദീകരണം. എന്നാല്‍, ഈ വിശദീകരണം നല്‍കുമ്പോള്‍ തന്നെ താത്കാലിക ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. മലപ്പുറത്തിന് പുറമെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താത്കാലിക ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കാനുള്ള നീക്കവും വിദ്യാഭ്യാസവകുപ്പ് നടത്തുണ്ട്.
കലാകായിക അധ്യാപക നിയമനം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. സാമ്പത്തിക നിയന്ത്രണം ലക്ഷ്യമിട്ടാണ് അധ്യാപക ബേങ്കില്‍ നിന്നും നിയമനമെന്നും പതിനഞ്ച് ദിവസത്തെ പരിശീലനം നേടിയവര്‍ അധ്യാപകരാകുന്നതോടെ സംസ്ഥാനത്തെ കലാകായിക പഠനത്തിന്റെ നിലവാരം കുത്തനെ കുറയുമെന്നും കായിക അധ്യാപകസംഘടനകള്‍ കുറ്റപ്പെടുത്തുന്നു.