സ്‌കൂള്‍ ഗേറ്റ് തുറക്കാന്‍ വൈകുന്നു; വിദ്യാര്‍ഥികള്‍ മണിക്കൂറോളം വെളിയില്‍

Posted on: November 4, 2014 10:26 am | Last updated: November 4, 2014 at 10:26 am

കൊളത്തൂര്‍: പുലാമന്തോള്‍ യു പി യില്‍ പ്രവര്‍ത്തിക്കുന്ന എ യു പി സ്‌കൂളില്‍ ഗേറ്റ് തുറക്കാതെ വിദ്യാര്‍ഥികളെ പുറത്ത് നിറുത്തുന്നതായി ആക്ഷേപം. രാവിലെ ഒമ്പതിന് സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ ഒരു മണിക്കൂറോളം പുറത്ത് നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്ന് രക്ഷിതാക്കള്‍ പറയുന്നു. 9.40ന് ശേഷമാണ് ഗേറ്റ് തുറക്കാന്‍ ജീവനക്കാര്‍ എത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പുസ്തക സഞ്ചിയും ഭക്ഷണ പാത്രങ്ങളും തോളിലിട്ട് ഗേറ്റിന് മുന്നില്‍ കാത്തു നില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. 250തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ക്ക് ഈ ദുരിതം. ഒരു മാസത്തോളമായി ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഈ അവസ്ഥക്ക് കാരണം സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണെന്നും ഉടന്‍ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.