പടനിലത്ത് ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് സ്റ്റോപ്പ്

Posted on: November 4, 2014 10:11 am | Last updated: November 4, 2014 at 10:11 am

കൊടുവള്ളി: പടനിലം ജംഗ്ഷനില്‍ കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് സ്റ്റോപ്പനുവദിച്ചു. പ്രമുഖ മുസ്‌ലിം സിയാറത്ത് കേന്ദ്രമായ മടവൂര്‍ സി എം മഖാമിലേക്ക് എത്തുന്നവര്‍ക്ക് ഇവിടെ സ്റ്റോപ്പനുവദിച്ചത് യാത്ര എളുപ്പമാകും. ഇതുവരെ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള കൊടുവള്ളി, കുന്ദമംഗലം സ്റ്റോപ്പുകളില്‍ ഇറങ്ങി മറ്റ് ബസുകളെ ആശ്രയിക്കേണ്ടിയിരുന്നു.
സംസ്ഥാന പാത താമരശ്ശേരി-കൊയിലാണ്ടിയെ ബാലുശ്ശേരിമുക്കില്‍ നിന്നും നന്മണ്ട വഴി പടനിലം ജംഗ്ഷനില്‍ സംഗമിക്കുന്ന സ്ഥലവുമാണിത്. സി എം മഖാം – നരിക്കുനി റൂട്ടിലോടുന്ന അമ്പതിലേറെ ബസുകളും ഈ ജംഗ്ഷന്‍ വഴിയാണ് ഓടുന്നത്. സെപ്തംബര്‍ ഒന്നിന് മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ആരാമ്പ്രം- കൊട്ടക്കാവയല്‍ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനുകളും ജനപ്രതിനിധികളും ഈ ആവശ്യമുന്നയിച്ച് നിവേദനം നല്‍കിയിരുന്നു.