Connect with us

Kozhikode

കുടിവെള്ള വിതരണം മുടങ്ങി; വാട്ടര്‍ അതോറിറ്റിക്കെതിരെ പ്രതിഷേധം

Published

|

Last Updated

കുറ്റിയാടി: കുറ്റിയാടി ടൗണിലും പരിസരങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി അഞ്ച് മാസം കഴിഞ്ഞിട്ടും ജലവിതരണം പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല. കഴിഞ്ഞ ജൂണില്‍ സംസ്ഥാന പാതയില്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ജല വിതരണ പൈപ്പ് പൊട്ടിയതോടെയാണ് കുടിവെള്ള വിതരണം മുടങ്ങിയത്. പൊട്ടിയ പൈപ്പ് നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ റോഡ് വെട്ടിപ്പൊളിച്ച് കുഴിയെടുത്തെങ്കിലും പൈപ്പ് ലൈന്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഈ ഭാഗത്തെ ജല വിതരണക്കുഴല്‍ മുറിച്ചു മാറ്റി. അതോടെ ഈ ലൈനില്‍ നിന്ന് കണക്ഷനെടുത്ത നാല്‍പതോളം വീട്ടുകാര്‍ക്കും മുപ്പതിലധികം കടക്കാര്‍ക്കും കുടിവെള്ളം കിട്ടാതായി.
പഴയ ഗവ. ആശുപത്രി, ചിറക്കര ഭാഗത്തുള്ളവര്‍ക്കാണ് ഇതുവരെയും വെള്ളം കിട്ടാത്തത്. മിക്കവാറും കുടുംബങ്ങളും അടുത്ത വീടുകളിലെ കിണറുകളെയാണ് ആശ്രയിക്കുന്നത്. വെള്ളം കിട്ടുന്നില്ലെങ്കിലും പ്രതിമാസം ചാര്‍ജ് വീട്ടുകാര്‍ അടക്കുന്നുണ്ട്. ഇതിനിടെ വാട്ടര്‍ അതോറിറ്റിയുടെ സെക്ഷന്‍ ഓഫീസ് കുറ്റിയാടിയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചില്ലെങ്കില്‍ വെള്ളക്കരം പിരിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Latest