മാണിക്കെതിരെ നിലപാട് കടുപ്പിച്ച് ബാറുടമകളുടെ യോഗം വ്യാഴാഴ്ച

Posted on: November 4, 2014 2:55 am | Last updated: November 5, 2014 at 12:28 am

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ നിലപാട് കടുപ്പിച്ച് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍. സംഘടനയുടെ അടിയന്തരയോഗം ഈ മാസം ആറിന് കൊച്ചിയില്‍ ചേരും. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശാണ് യോഗം വിളിച്ചിരിക്കുന്നത്.
കെ എം മാണിക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുന്നതിനെക്കുറിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. ആരോപണത്തില്‍ സംഘടന ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നത് സംബന്ധിച്ചും ഭാവിയില്‍ സ്വീകരിക്കേണ്ട നിയമനടപടികള്‍ സംബന്ധിച്ചും യോഗത്തില്‍ നിലപാട് സ്വീകരിക്കും.
കോഴ കൊടുത്തതായി അറിയില്ലെന്ന അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായത്തിന് വിരുദ്ധമായി പണം നല്‍കിയതായി വര്‍ക്കിംഗ് പ്രസിഡന്റ് വെളിപ്പെടുത്തിയത് സംബന്ധിച്ച് അസോസിയേഷനില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കോഴ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ബാറുടമകള്‍ പുറത്തുവിട്ടാല്‍ കേരള രാഷ്ട്രീയത്തില്‍ ഇത് കൂടുതല്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. അടുത്ത മാസം നിയമസഭാ സമ്മേളനം ചേരാനിരിക്കെ കെ എം മാണിക്കെതിരായ തെളിവുകള്‍ പുറത്തുവരുന്നത് സര്‍ക്കാറിനെ വെട്ടിലാക്കും.
കോഴ വിവാദം പ്രതിപക്ഷം നിയമസഭയില്‍ രാഷ്ട്രീയ ആയുധമാക്കിയാല്‍ സര്‍ക്കാറിന് മറുപടി പറയേണ്ടിവരും. അതിനിടെ, സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവുമായി വിവിധ ജില്ലാ കമ്മറ്റികള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.