മഥുരയില്‍ നഷ്ടപ്പരിഹാരത്തുക ആവശ്യപ്പെട്ട് പ്രതിഷേധം; പോലീസ് 586 പേര്‍ക്കെതിരെ കേസെടുത്തു

Posted on: November 4, 2014 2:12 am | Last updated: November 3, 2014 at 11:12 pm

മഥുര: തങ്ങളുടെ ഭൂമിക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് 586 പേര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. പ്രതിഷേധം അക്രമത്തിന് വഴിവെക്കുകയും പ്രതിഷേധക്കാര്‍ പോലീസിനെതിരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സംഭവത്തില്‍ അക്രമം നടത്തിയ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പങ്കെടുത്തു എന്ന് സംശയിക്കുന്ന ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ഉത്തര്‍പ്രദേശ് യൂനിറ്റ് പ്രസിഡന്റ് കുന്‍വര്‍ പാല്‍ സിംഗ് നിഷാദിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കണ്ടാല്‍ തിരിച്ചറിയാവുന്ന 86 പേര്‍ക്കെതിരെയും മറ്റ് 500 പേര്‍ക്കെതിരെയുമാണ് പോലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെയും ബി ജെ പിയുടെയും രാഷ്ട്രീയ വിലപേശലിന്റെ ഭാഗമായാണ് ഈ പ്രശ്‌നമെന്നാണ് വിലയിരുത്തുന്നത്. നഷ്ടപരിഹാരത്തിനായി പ്രദേശത്തെ പാലത്തിന് മുകളില്‍ കൃഷിക്കാര്‍ സംഘടിപ്പിച്ച ധര്‍ണ പിരിഞ്ഞ് പോകാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ സംഘടിച്ചെത്തിയവര്‍ പെട്ടെന്ന് അക്രമാസക്തരാകുകയായിരുന്നു.