Connect with us

Kasargod

കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ചെറുവാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തി ബസ്സുകളുടെ മത്സരയോട്ടം

Published

|

Last Updated

കാഞ്ഞങ്ങാട്: മാവുങ്കാലിനടുത്തുള്ള നെല്ലിത്തറയില്‍ ബസുകളുടെ മത്സരയോട്ടവും വാഹനാപകടങ്ങളും തുടര്‍ക്കഥയാവുന്നു.
ഇന്നലെ രാവിലെ പാണത്തൂര്‍ ഭാഗത്തു നിന്നും കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന സ്വകാര്യ ബസുകള്‍ നടത്തിയ മത്സരയോട്ടം വന്‍ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. കാഞ്ഞങ്ങാട് നിന്നും ഇരിയയിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന കുടുംബം അപകടത്തില്‍ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ബസുകളുടെ അടിയില്‍പ്പെടാതിരിക്കാന്‍ ഇരുചക്രവാഹനമോടിച്ചയാള്‍ കാണിച്ച സാഹസമാണ് രണ്ടുകുട്ടികളെ ഉള്‍പ്പെടെ രക്ഷിച്ചത്.
ബസുകള്‍ ഇടിക്കുമെന്നുറപ്പായപ്പോള്‍ റോഡരികിലെ കുറ്റിക്കാട്ടിലേക്ക് ഓടിച്ചുകയറ്റുകയും മറിഞ്ഞു വീഴുകയുമായിരുന്നു. ബസുകള്‍ നിര്‍ത്താതെ പോയത് നാട്ടുകാരെ പ്രകോപിച്ചു. കാഞ്ഞങ്ങാട്-മാവുങ്കാല്‍ സംസ്ഥാന പാതയിലും ബസുകളുടെ മത്സരയോട്ടം നിത്യസംഭവമാണ്. എതിര്‍ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ ഗൗനിക്കാതെ വലിയ വാഹനങ്ങളെ പോലും മറികടക്കാനുള്ള കെ എസ് ആര്‍ ടി സി ബസുകളുടെയും ദീര്‍ഘദൂര സ്വകാര്യബസുകളുടെയും ശ്രമം പലപ്പോഴും അപകടത്തില്‍ കലാശിക്കുകയാണ്.
റോഡില്‍ നിന്നും മണ്ണിലേക്കിറക്കി വഴിയൊരുക്കേണ്ട ഗതികേടിലാണ് ചെറുവാഹനങ്ങള്‍. പാണത്തൂര്‍ കാഞ്ഞങ്ങാട് റൂട്ടില്‍ ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങളുടെ വേഗപരിശോധന കര്‍ശനമാക്കിയെങ്കില്‍ മാത്രമേ ഇത്തരം മത്സരയോട്ടങ്ങള്‍ക്ക് മൂക്കുകയറിടാകൂ.
മാവുങ്കാല്‍-പാണത്തൂര്‍ റോഡിനരികില്‍ കുറ്റിക്കാട് വളര്‍ന്നു പന്തലിച്ചതോടെ കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ഇതും വാഹന അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. റോഡിനിരുവശവും കുറ്റിക്കാടുകള്‍ നീക്കം ചെയ്യുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.