Connect with us

Ongoing News

മറൈന്‍ ഡ്രൈവ് സമരത്തില്‍ പോലീസ് നിലപാടിനെ വിമര്‍ശിച്ച് പിണറായി

Published

|

Last Updated

തിരുവനന്തപുരം: ചുംബന ആഭാസ സമരത്തില്‍ പോലീസ് സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പോലീസ് സംഘത്തിന്റെ സര്‍വവിധ പിന്തുണയോടെയുമാണ് സമരസ്ഥലത്ത് വര്‍ഗീയവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രോശപ്രകടനം നടത്തിയതെന്നും പ്രതിഷേധക്കാരെ സംരക്ഷിക്കാനാണ് ഇതെല്ലാം ചെയ്തത് എന്ന ന്യായീകരണം പരിഹാസ്യമാണെന്നും പിണറായി തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി.
പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യപരമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം കോഴിക്കോട്ടെ ഒരു റസ്റ്റോറന്റിന് നേരെ ഉണ്ടായ സദാചാര പോലീസ് അക്രമത്തിനെതിരെയാണ് എന്ന് പ്രഖ്യാപിച്ചാണ് ചിലര്‍ സംഘടിപ്പിച്ചത്.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായ പ്രതിഷേധ രീതികളാകുമ്പോള്‍ യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഉണ്ടാകാം. അതിനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യവും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, അതിശയകരമായ ഇരട്ടത്താപ്പാണ് ആ സമരത്തോടും അതില്‍ എതിര്‍പ്പുയര്‍ത്തിയവരോടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. തടയാന്‍ എത്തിയവരുടെ ആക്രമണമാണ് മറൈന്‍ ഡ്രൈവില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പോലീസ് പലപ്രാവശ്യം ലാത്തിവീശുകയും പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകരടക്കം നൂറോളം പേര്‍ക്ക് പരുക്കേറ്റു എന്നാണ് വാര്‍ത്ത.
സമരം തകര്‍ക്കാന്‍ ആയുധവുമായി വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി എത്തിയവരെയാണ് പോലീസ് സംരക്ഷിച്ചത്. ഏതുതലത്തില്‍ ഉണ്ടാക്കിയ ധാരണയുടെ ബലത്തിലാണ് ഈ സമീപനമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രാദേശികമായോ സംസ്ഥാനതലത്തിലോ കേന്ദ്രതലത്തിലോ വര്‍ഗീയശക്തികളുമായി അത്തരമൊരു ധാരണയിലെത്തിയിട്ടുണ്ടോ? എങ്കില്‍ എന്താണ് ആ ധാരണ? ജനങ്ങളുടെ സൈ്വരജീവിതത്തെ ആക്രമിക്കാന്‍ ഒരു സദാചാര പോലിസിനെയും അനുവദിക്കാനാകില്ല. പോലീസും നിയമ സംവിധാനവും സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ല. ഇപ്പോള്‍ പോലീസിനെ സമാധാന ഭഞ്ജകരുടെ സംരക്ഷണത്തിനാണ് നിയോഗിക്കുന്നത്. ഇത് കേരളത്തിന് അപമാനകരവും അപകടകരവുമാണെന്നും പിണറായി പറഞ്ഞു.

 

---- facebook comment plugin here -----

Latest