Connect with us

Wayanad

സി പി എമ്മിന്റെത് അപകടം പിടിച്ച അടവുനയം: എ സി ജോസ്

Published

|

Last Updated

കല്‍പ്പറ്റ: സി പി എം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് അപകടം പിടിച്ച അടവുനയങ്ങള്‍ മാത്രമാണെന്ന് ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) സംസ്ഥാന പ്രസിഡന്റ് എ സി ജോസ്.
കല്‍പ്പറ്റയില്‍ നടന്ന ജില്ലാ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി പി എമ്മിന്റെ അടവുനയങ്ങള്‍ ജനങ്ങള്‍ എക്കാലത്തും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ മൂന്നാംമുന്നണിക്കായി കള്ള•ാരുടെയും വര്‍ഗീയവാദികളുടെയും പുറകെ നടക്കും. പത്ത് വോട്ടുകിട്ടിയാല്‍ ഈശ്വരവിശ്വാസിയല്ലെന്ന് വരെ പറയാന്‍ മടിയില്ലാത്തവരാണവര്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണിക്കായി പ്രകാശ് കാരാട്ട് ജയലളിതയുടെ കാലില്‍ വീണു. അഴിമതിക്കേസില്‍ അവര്‍ പിന്നീട് ജയിലിലായി. മദനി പുറത്തുവരുന്നതിന് വേണ്ടി കാത്തിരുന്നത് പിണറായിയായിരുന്നു. ഇങ്ങനെ അപകടം പിടിച്ച അടവുനയങ്ങളുമായി മുന്നോട്ടുപോകുന്ന സി പി എമ്മിന് ജനങ്ങള്‍ നല്‍കുന്ന ചുട്ടമറുപടി ഓരോ തിരഞ്ഞെടുപ്പിന് ശേഷവും കാണാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ തൊഴില്‍ നിയമങ്ങളും കോണ്‍ഗ്രസിന്റെ കാലത്തുണ്ടായിട്ടുള്ളതാണ്. ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രധാനപ്പെട്ട തൊഴില്‍ നിയമങ്ങളെ മാറ്റാന്‍ ശ്രമിക്കുകയാണ്.
ബി ജെ പി എക്കാലത്തും നടത്തിയിട്ടുള്ളത് വര്‍ഗീയമുന്നേറ്റമായിരുന്നു. ആര്‍ എസ് എസാണ് ആ പാര്‍ട്ടിയെ നയിക്കുന്നത്. ഈ രാജ്യത്ത് എല്ലാ മതസ്ഥരും ഒന്നിച്ച് ജീവിക്കുന്നവരാണ്. അവിടെ വിരോധം വന്നാലുണ്ടാകുന്നത് കലാപമാണ്. മോദി അധികാരത്തിലെത്തിയതിന് ശേഷം 600 വര്‍ഗീയകലാപമുണ്ടായതായാണ് കണക്കുകള്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ രീതി മറിച്ചാണ്. തള്ളക്കോഴിയുടെ ചിറകിനടിയില്‍ കുഞ്ഞുങ്ങളെ വെക്കുന്നത് പോലെയാണ് കോണ്‍ഗ്രസ് എല്ലാ മതങ്ങളെയും ഒരു പോലെ സംരക്ഷിച്ചുപോരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ ക്ഷേമപെന്‍ഷന്‍ 2000 രൂപയെങ്കിലുമാക്കണം. ചികിത്സാസഹായം വേണ്ട സമയത്ത് തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. പ്രസവം, മരണം എന്നിവക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ വൈകിപ്പിക്കുന്ന നടപടിയുണ്ടാകുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല.
എല്ലാം നേടിയിട്ടുള്ളത് ഒച്ചയെടുത്തും, സമരം ചെയ്തും, ധര്‍ണ നടത്തിയുമൊക്കെയാണ്. ശബ്ദമുയര്‍ത്തിയാലെ ആനുകൂല്യങ്ങള്‍ യഥാസമയത്ത് കിട്ടൂ എന്നുണ്ടെങ്കില്‍ അതിനും തൊഴിലാളികള്‍ സജ്ജരാവണം. നിര്‍മ്മാണതൊഴിലാളികള്‍ക്ക് മാന്യമായ വസ്ത്രം ധരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നവരെ പോലും ക്ഷേമനിധിയില്‍ നിന്ന് അനര്‍ഹരാക്കുന്ന നടപടികളുണ്ടായിട്ടുണ്ട്. ഇതെല്ലാം ഇന്ന് മാറി വരികയാണ്. ഇടതുസര്‍ക്കാരിന്റെ കാലത്ത് സെസ് പിരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുറെയൊക്കെ പിരിച്ചെടുക്കാന്‍ സാധിച്ചു. ഇങ്ങനെ പിരിച്ചെടുക്കുന്ന ആയിരക്കണക്കിന് കോടി രൂപ കൊണ്ട് തൊഴിലാളികള്‍ക്ക് യഥാസമയം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാപ്രസിഡന്റ് പി കെ കുഞ്ഞിമൊയ്തീന്‍ അധ്യക്ഷനായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി പുരം രാജു, ട്രഷറര്‍ എ എക്‌സ് സേവ്യര്‍, ഐ എന്‍ ടി യു സി സംസ്ഥാനവര്‍ക്കിംഗ് പ്രസിഡന്റ് പി കെ ഗോപാലന്‍, ജില്ലാപ്രസിഡന്റ് പി പി ആലി, സംസ്ഥാന സെക്രട്ടറി പി കെ അനില്‍കുമാര്‍, എ പി ശ്രീകുമാര്‍ സംസാരിച്ചു.

Latest